| Tuesday, 24th February 2026, 11:08 am

ചെന്നൈയിലെ കാണികള്‍ സഞ്ജുവിന് നല്‍കുന്ന പിന്തുണ മറക്കരുത്: സുബ്രഹ്‌മണ്യം ബദ്രിനാഥ്

ശ്രീരാഗ് പാറക്കല്‍

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദ്രിനാഥ്. മോശം ഫോമില്‍ തുടരുന്ന ടോപ് ഓര്‍ഡര്‍ ബാറ്റര്‍ തിലക് വര്‍മയെ ഒഴിവാക്കുകയും അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജുവിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കണമെന്നും മുന്‍ താരം പറഞ്ഞു. ഇഷാന്‍ കിഷനെ വണ്‍ ഡൗണില്‍ ഇറക്കാനും മുന്‍ താരം നിര്‍ദേശിച്ചു.

‘തിലകിന് പകരം സഞ്ജു ടീമിലെത്തണം. ചെന്നൈയിലെ കാണികള്‍ സഞ്ജുവിന് നല്‍കുന്ന വലിയ പിന്തുണ നമ്മള്‍ മറക്കരുത്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. മൂന്നാം നമ്പറില്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ കളിക്കണം.

സൂര്യകുമാര്‍ യാദവ് നാലാമനായി എത്തിയാല്‍ ബാറ്റിങ് നിരയില്‍ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ നിലനിര്‍ത്താനും സാധിക്കും. നിലവില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ കൂടുതലാണ്. അതുകൊണ്ട് എതിര്‍ ടീമുകള്‍ക്ക് ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കും,’ ബദ്രിനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.സഞ്ജു സാംസണും അഭിഷേക് ശര്‍മയും, തിലക് വര്‍മ

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തില്‍ മോശം പ്രകടനം നടത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (15 റണ്‍സ്) ഇഷാന്‍ കിഷനും (0) മടങ്ങിയത്.

മാത്രമല്ല വണ്‍ ഡൗണിലെത്തിയ തിലക് വര്‍മ ഒരു റണ്‍സ് മാത്രം നേടി മടങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇഷാന്റെ ആദ്യത്തെ ഡക്കാണിത്. എന്നാല്‍ അഭിഷേകിന്റെ ആദ്യ മൂന്ന് മത്സരത്തിലും താരം ഡക്കായിരുന്നു.

തിലകും മികച്ച പ്രകടനമല്ല നടത്തുന്നത്. ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജുവിന് സൂപ്പര്‍ എട്ടിലെ അടുത്ത മത്സരത്തില്‍ സിബാബ്‌വേക്കെതിരെ കളത്തിലിറങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനുവരി 26ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം സൂപ്പര്‍ 8 മത്സരം. നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റെയാന്‍ ടെന്‍ഡോഷേറ്റ് സഞ്ജുവിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു.

Content Highlight: Subramanyam Badrinath Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more