| Tuesday, 26th February 2019, 10:17 am

ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാന്റെ ഭൂമിയിലല്ല; അതെല്ലാം നമ്മുടെ ഇടങ്ങള്‍ തന്നെയാണ്; ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ തിരിച്ചടിച്ച ഇന്ത്യയുടെ നടപടിയെ അഭിനനന്ദിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.

ആക്രമണം നടത്തിയ ഇടങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇടങ്ങള്‍ തന്നെയാണെന്നും പാക്ക് അധീന കാശ്മീര്‍ എന്നറിയപ്പെടുന്ന ഇടങ്ങളിലാണ് വ്യോമ സേന ആക്രമണം നടത്തിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നമ്മുടെ തന്നെ മേഖലകളില്‍ നമുക്ക് ബോംബുകള്‍ വര്‍ഷിക്കാം. അതില്‍ തെറ്റായി ഒന്നും ഇല്ല.

ഇനി അത് അവരുടെ പ്രദേശമാണെന്ന് അവര്‍ വാദിച്ചാലും സ്വയം പ്രതിരോധമെന്ന നിലയില്‍ നമുക്ക് അവരെ ആക്രമിക്കാനുള്ള അവകാശമുണ്ട്. അവര്‍ നമ്മളെ ആക്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇന്ത്യയെ ആയിരം വെട്ടുവെട്ടി മുറിപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ 1000 ബോംബുകള്‍ അവര്‍ക്ക് നേരെ വര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യം തന്നെയാണ്- സുബ്ര്ഹമണ്യന്‍ സ്വാമി ട്വീറ്റില്‍ പറഞ്ഞു.


ഇന്ത്യ ആക്രമിച്ചത് ജെയ്‌ഷേ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമെന്ന് സൂചന ;ചിത്രങ്ങള്‍ പുറത്തുവിട്ട് പാക്കിസ്ഥാന്‍ ; പ്രതികരിക്കാതെ ഇന്ത്യ


ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക്ക് അധിനിവേശ കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്.

മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്.

നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more