ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ട്വന്റി-20 മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ടീമിന്റെ ഭാഗമാക്കണമെന്ന് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുബ്രഹ്‌മണ്യം ബദ്രിനാഥ്.
രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ തന്റെ സ്വാഭാവിക ഓപ്പണിങ് സ്ഥാനത്തിന് പകരം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത സൂര്യവംശി എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.
സുബ്രഹ്‌മണ്യം ബദ്രിനാഥ്
തന്റെ യൂട്യൂബ് ചാനലായ ‘ക്രിക് ഇറ്റ് വിത്ത് ബദ്രി’യില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സൂര്യവംശിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതിന് പകരം ഇന്ത്യക്ക് വരുണ്‍ ചക്രവര്‍ത്തിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം. താഴെ തട്ടിലുള്ള ബാറ്റര്‍മാര്‍ ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് വരുണിനെപ്പോലൊരു ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തിക്കൂടാ? ആദ്യ രണ്ട് മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് നേടിയ 220, 180 റണ്‍സുകള്‍ 200, 160 എന്നിങ്ങനെയായി കുറയ്ക്കാമായിരുന്നു,’ ബദ്രിനാഥ് പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തിന് മുമ്പ് നടന്ന ആറ് ടി-20കളിലും വൈഭവ് ടീമിന്റെ ഭാഗമായിരുന്നില്ല. സഞ്ജുവും അഭിഷേക് ശര്‍മയും തന്നെയാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്.
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്കിടെ പേശീവലിവ് ഉണ്ടായതിന് ശേഷം വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്കായി കളിച്ചിട്ടില്ല.
അതേസമയം, സഞ്ജു സാംസണ്‍ നേരത്തെ ട്വന്റി-20കളില്‍ മിഡില്‍ ഓര്‍ഡറിലും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മൂന്നാം നമ്പറിലും കളിച്ചിട്ടുണ്ടെങ്കിലും സൂര്യവംശിക്കായി ഓപ്പണര്‍ സ്ഥാനം വിട്ടുനല്‍കുന്നതിനെയും ബദ്രിനാഥ് എതിര്‍ത്തു.
‘സൂര്യവംശിക്ക് വേണ്ടി സഞ്ജു സാംസണ്‍ തന്റെ ഓപ്പണിങ് സ്ഥാനം ത്യജിക്കേണ്ടി വരുന്നത് സഞ്ജുവിനോട് ചെയ്യുന്ന അനീതിയാണ്. സൂര്യവംശി ഓപ്പണര്‍ എന്ന നിലയില്‍ മാത്രമാണ് തിളങ്ങിയിട്ടുള്ളത് എന്നത് സത്യമാണ്, എന്നാല്‍ സഞ്ജു ഇപ്പോള്‍ ഓപ്പണറായി മികച്ച പ്രകടനമാണ് നടത്തുന്നത്.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മൂന്നാം നമ്പറില്‍ സഞ്ജു നന്നായി കളിച്ചിട്ടുണ്ടെങ്കിലും, സൂര്യവംശി കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. കളിക്കാരനേക്കാള്‍ പ്രാധാന്യം ബാറ്റിങ് പൊസിഷനാണ്. ഞാന്‍ എന്തായാലും സഞ്ജു സാംസണിന്റെ ഓപ്പണിങ് സ്ഥാനത്തില്‍ മാറ്റം വരുത്തില്ല,’ ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാളെയാണ് (ഒക്ടോബര്‍ 27) പരമ്പരയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യയ്ക്ക് വെല്ലിങ്ടണില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാം. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.
Content Highlight: Subramaniam Badrinath suggests playing Varun Chakaravarthy instead of Vaibhav Suryavanshi in the third T20.