| Saturday, 28th February 2026, 7:55 am

സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്; വിമര്‍ശനവുമായി ബദ്രിനാഥ്

ഫസീഹ പി.സി.

മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ്ങില്‍ ഇപ്പോഴും സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. താരം ബാറ്റ് ചെയ്യുമ്പോള്‍ മൂന്ന് സ്റ്റമ്പുകളും ബൗളര്‍ക്ക് കാണുന്ന രീതിയിലാണ് നില്‍ക്കാറുള്ളതെന്നും ഇത് അടിസ്ഥാനപരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു എത്രത്തോളം പരിശീലകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് തനിക്ക് സംശയമുണ്ടെന്നും ടൂര്‍ണമെന്റില്‍ ഇത്തരം പിഴവുകള്‍ തിരുത്തുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

എസ്. ബദ്രിനാഥ്. Photo: Cricket Times/x.com

‘സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ചെന്നൈയിലെ കാണികളെ വളരെയധികം സന്തോഷിപ്പിച്ചിട്ടുണ്ട്. അവന് ടീമിന് മികച്ച തുടക്കവും നല്‍കി. എന്നാല്‍, ഇപ്പോഴും ബാറ്റിങ്ങില്‍ സാങ്കേതിക പിഴവുകളുണ്ട്. അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ മൂന്ന് സ്റ്റാമ്പുകളും ബൗളര്‍ക്ക് നേരെ തുറന്നാണ് കിടക്കുന്നത്. ഇതൊരു അടിസ്ഥാനപരമായ തെറ്റാണ്.

സഞ്ജു അവന്റെ പരിശീലകര്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അവര്‍ പറയുന്ന കാര്യം അവന്‍ ബാറ്റിങ്ങില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നതും ഉറപ്പില്ല. പക്ഷേ, അവന്റെ ബാറ്റിങ്ങിലെ സാങ്കേതിക പിഴവ് ഈ ടൂര്‍ണമെന്റിനിടയില്‍ തിരുത്തുക പ്രയാസമാണ്,’ ബദ്രിനാഥ് പറഞ്ഞു.

സഞ്ജു സാംസൺ. Photo: The Cricket Panda/x.com

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് നല്ല തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സിംബാബ്വെയ്ക്ക് എതിരെ അവന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അവനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ടോപ് ഓര്‍ഡര്‍ വലം കൈയ്യന്‍ – ഇടം കൈയ്യന്‍ കോമ്പിനേഷന്‍ കൊണ്ടുവന്നു. അതിന് സഞ്ജുവിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ രണ്ടാം സൂപ്പര്‍ എട്ട് മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് സഞ്ജുവായിരുന്നു. താരം 15 പന്തില്‍ 24 റണ്‍സുമായി മടങ്ങിയെങ്കിലും മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഷേകിനൊപ്പം ഓപ്പണിങ്ങില്‍ 48 റണ്‍സ് ചേര്‍ത്തിരുന്നു. ഇതാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട്.

Content Highlight: Subramaniam Badrinath says that there is still technical faults in Sanju Samson’s batting

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more