| Tuesday, 21st April 2026, 10:52 pm

ഗെയ്ക്വാദിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നത് ചെന്നൈ ഗൗരവമായി ചിന്തിക്കണം: മുന്‍ സി.എസ്. കെ താരം

ഫസീഹ പി.സി.

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് മുന്‍ സി.എസ്.കെ താരം എസ്. ബദ്രിനാഥ്. ക്യാപ്റ്റന്‍സി ഋതുരാജ് ഗെയ്ക്വാദിനെ സമ്മര്‍ദത്തിലാക്കുന്നുവെന്നും അത് ബാറ്റിങ്ങിനെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ ഋതുരാജിനെ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അനുവദിക്കുന്നതിന് വേണ്ടി മാത്രം സി.എസ്.കെ മലയാളി താരം സഞ്ജു സാംസണിനെ നായകനാക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

എസ്. ബദ്രിനാഥ്. Photo: Crictracker

‘ഋതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി സഞ്ജു സാംസണെ നായകനാക്കുന്നതിനെ സി.എസ്.കെ മാനേജ്‌മെന്റ് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗെയ്ക്വാദ് പരാജയമായതുകൊണ്ടല്ലിത്. ക്യാപ്റ്റന്‍സി അവന്റെ ബാറ്റിങ്ങിനെ സാരമായി ബാധിക്കുന്നുണ്ട്.

ഗെയ്ക്വാദ് സമ്മര്‍ദത്തിലാണെന്ന് അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അത് ഒഴിവാക്കി അവനെ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അനുവദിക്കാന്‍ വേണ്ടി മാത്രം സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ സി.എസ്.കെയ്ക്ക് സാധിക്കുമോ? ആറ് മത്സരങ്ങളില്‍ പവര്‍പ്ലേയില്‍ ഓപ്പണറായി ഇറങ്ങിയിട്ടും തുടര്‍ച്ചയായി പരാജയപ്പടുന്നത് അംഗീകരിക്കാനാവില്ല.

ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സി ഭേദപ്പെട്ടതായിരുന്നു. പക്ഷേ, റണ്‍ ചെയ്സുകളില്‍ അവന് ടീമിനെ മുന്നില്‍ നിന്ന് നയിക്കാനാവുന്നില്ല. ഗെയ്ക്വാദ് തന്റെ പഴയ ഫോമിലേക്ക് തിരികെ വരേണ്ടത് ടീമിന് അത്യാവശ്യമാണ്,’ ബദ്രിനാഥ് പറഞ്ഞു.

ചെന്നൈയ്ക്ക് ഈ സീസണില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടിരുന്നു. പിന്നീട് തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ജയിച്ച് മുന്‍ ചാമ്പ്യന്മാര്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ആറാം മത്സരത്തില്‍ വീണ്ടും തോല്‍വി വഴങ്ങി.

ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com

സണ്‍റൈസേഴ്സ് ഹൈദരബാദിനോടായിരുന്നു ചെന്നൈയുടെ അവസാന തോല്‍വി. പിന്നാലെ ഗെയ്ക്വാദിന്റെ മോശം ക്യാപ്റ്റന്‍സിയാണ് തോല്‍വിക്ക് കാരണമെന്ന് പലരും വിമര്‍ശിച്ചിരുന്നു. കൂടാതെ താരത്തിന് ഇതുവരെ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ആറ് മത്സരങ്ങളില്‍ നിന്ന് വെറും 82 റണ്‍സ് മാത്രമാണ് ഗെയ്ക്വാദിന്റെ സമ്പാദ്യം. 28 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

അതേസമയം, ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നെങ്കിലും സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ച്വറി നേടിയാണ് താരം തന്റെ ഫോം വീണ്ടെടുത്തത്. അടുത്ത മത്സരത്തില്‍ 40+ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു. ആര്‍ മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ക്ക് സീസണില്‍ 192 റണ്‍സുണ്ട്. ഇതിനൊപ്പം ഐ.പി.എല്ലില്‍ താരത്തിന്റെ ക്യാപ്റ്റന്‍സി മികവും കണക്കിലെടുത്ത് പലരും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

Content Highlight: Subramaniam Badrinath says that CSK management should think about handing captaincy to Sanju Samson by removing Ruturaj Gaikwad

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more