പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ്. ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയ രോഹിത് ശര്‍മയും എം.എസ് ധോണിയും, രണ്ട് കിരീടങ്ങള്‍ നേടിയ ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവും മികച്ച ക്യാപ്റ്റനായി താന്‍ ശ്രേയസ് അയ്യരുടെ പേര് പറയുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കിയത്.
‘ധോണി, രോഹിത് തുടങ്ങിയ ഇതിഹാസ ക്യാപ്റ്റന്മാരുമായി അദ്ദേഹത്തെ താരതമ്യം ചെയ്യണം. അവന്‍ വളരെ വ്യത്യസ്തനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതുവരെ സൃഷ്ട്ടിച്ച ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ശ്രേയസ് അയ്യര്‍. ധോണിക്കും രോഹിത്തിനും അഞ്ച് കിരീടങ്ങള്‍ ഉണ്ട്. ശ്രേയസ് കൊല്‍ക്കത്തക്കൊപ്പം നേടിയ കിരീടം ഒഴികെ ഇതുവരെ മറ്റു കിരീടങ്ങള്‍ ഒന്നും നേടിയിട്ടില്ല.
എങ്കിലും അവന്‍ ക്യാപ്റ്റന്‍സിയില്‍ വളരെ മികച്ചതാണ്. ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍മാരുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കില്‍ എം.എസ്. ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് ശേഷം ഞാന്‍ അവന്റെ പേര് പറയും,’ സുബ്രഹ്‌മണ്യം ബദരീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
പഞ്ചാബിന് വേണ്ടി കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനമായിരുന്നു അയ്യര്‍ പുറത്തെടുത്തത്. 17 മത്സരങ്ങളില്‍ നിന്നും 644 റണ്‍സായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ ഐ.പി.എല്‍ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു.
2025ലെ ഐ.പി.എല്‍ ഫൈനലില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കിലും പഞ്ചാബിനെ ഫൈനലിലെത്തിച്ചതോടെ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാന്‍ സാധിക്കാത്ത ഒരു റെക്കോഡും അയ്യര്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റന്‍ ആവാനാണ് അയ്യരിന് സാധിച്ചത്.
ഇതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളെയാണ് അയ്യര്‍ ഫൈനലിലെത്തിച്ചത്. ഐ.പി.എല്‍ മെഗാ ലേലത്തില്‍ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ ലേലത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുക കൂടിയാണിത്.
അതേസമയം മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. പഞ്ചാബിന്റെ തട്ടകമായ മഹാരാജാ യാദവേന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Subramaniam Badrinath Praises Panjab Kings Captain Shreyas Iyer Ahead IPL 2026