| Monday, 25th December 2017, 12:33 pm

'രാജ്യം ഭരിക്കുന്ന പാര്‍ട്ടി നോട്ടയ്ക്കും പിന്നിലായത് നാണക്കേട്'; ആര്‍.കെ നഗറിലെ തോല്‍വിയില്‍ മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മോശം പ്രകടനത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യം ഭരിക്കുന്ന പാര്‍ട്ടി നോട്ടയ്ക്കും പിന്നിലായത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

“തമിഴ്‌നാട് ബി.ജെ.പി ഘടകം പിരിച്ചുവിടണം. കരുണാനിധിയെ വീട്ടിലെത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നിലപാട് ബിജെപിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കി”.

പനീര്‍സെല്‍വത്തെ ഒഴിവാക്കി ശശികല, പളനിസ്വാമി വിഭാഗങ്ങള്‍ ഒന്നാവണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെത്തുന്ന കേന്ദ്രനേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ജോലി മാത്രമാണ് തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കള്‍ ചെയ്യുന്നത്.
19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ദയനീയ പ്രകടനമാണ് ആര്‍.കെ നഗറില്‍ കണ്ടത്.

പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ ആര്‍.എസ്.എസ് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജനീകാന്ത് അടക്കമുള്ള താരങ്ങളുടെ പിറകെ പോകാതെ സ്വന്തമായി നില്‍ക്കാന്‍ ബിജെപിക്കു കഴിയണമെന്നും സുബ്രഹ്മണ്യന്‍സ്വാമി വ്യക്തമാക്കി.

“ദ്രാവിഡ രാഷ്ട്രീയത്തിലെ അമിത് ഷായുടെ ഇടപെടലുകള്‍ ശരിയായ രീതിയിലല്ല. ഡി.എം.കെയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. കരുണാനിധിയെ വീട്ടിലെത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് തെറ്റായിപ്പോയി. തെറ്റായ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രിയുടെ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്തു.”

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ടി.ടി.വി ദിനകരന്‍ ജയിച്ചത്. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തിയ ദിനകരന്‍ 86472 വോട്ടുകള്‍ നേടി. 40707 വോട്ടിന്റെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്.

47115 വോട്ടുകള്‍ നേടിയ അണ്ണാ ഡി.എം.കെയുടെ വി.മധുസൂദനനെ ബഹുദൂരം പിന്നിലാക്കിയാണ് ദിനകരന്റെ വിജയം. 24075 വോട്ട് നേടിയ ഡി.എം.കെ മൂന്നാമതായിരുന്നു.

We use cookies to give you the best possible experience. Learn more