ടി – 20യില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ജസ്പ്രീത് ബുംറയെക്കാള്‍ വിലപ്പെട്ട താരമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. വരുണാണ് ഒന്നാം നമ്പര്‍ ബൗളറെന്ന് കണക്കുകള്‍ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.
‘വരുണ്‍ ചക്രവര്‍ത്തി ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് അവന്റെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. അവന്‍ ബുംറയെക്കാള്‍ വിലപ്പെട്ട താരമാണ്. പവര്‍പ്ലേയിലും മിഡില്‍ ഓവറുകളിലും റണ്ണൊഴുക്ക് തടയാന്‍ സാധിക്കുന്ന ബൗളര്‍ അവനാണ്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം അവന്‍ ടീമില്‍ നിന്ന് പുറത്ത് പോയെങ്കിലും വരുണ്‍ മികച്ച തിരിച്ച് വരവാണ് നടത്തിയത്. അതിന് ശേഷം അവന്റെ പ്രകടനം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു,’ എസ്. ബദ്രിനാഥ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരെയുള്ള ടി – 20 പരമ്പരയില്‍ വരുണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് താരമാണ്. താരം അഞ്ച് മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയിരുന്നു.
12 ഓവറുകളില്‍ 82 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം. 6.83 എക്കോണമിയിലും 14.40 ശരാശരിയിലുമാണ് സ്പിന്നര്‍ പന്തെറിഞ്ഞത്.
അതേസമയം, ഇന്ത്യ 2 – 1ന് പരമ്പര സ്വന്തമാക്കി. മോശം കാലാവസ്ഥ കാരണം രണ്ട് മത്സരം ഒഴിവാക്കിയ പരമ്പരയിലെ മൂന്നും നാലും ടി – 20യില്‍ ജയിച്ചാണ് ഇന്ത്യ ജേതാക്കളായത്.
രണ്ടാം മത്സരത്തിലാണ് ആതിഥേയരായ ഓസീസ് ജയിച്ചത്. ആദ്യ മത്സരവും കഴിഞ്ഞ ദിവസം ഗാബയില്‍ നടന്ന അവസാന മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.
പരമ്പരയിലുടനീളം മികച്ച ബാറ്റിങ് നടത്തിയ അഭിഷേക് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും സ്വന്തമാക്കി.
Content Highlight: Subhramaniam Badrinath says Varun Chakrvarthy is more valuable player than Jasprit Bumrah