| Thursday, 19th March 2026, 10:27 am

അവന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍ വേണം; സൂപ്പര്‍ താരത്തിന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് ബദ്രിനാഥ്

ഫസീഹ പി.സി.

ദല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍ രാഹുലിന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് ആശങ്ക പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. ബാറ്റിങ് നിരയില്‍ രാഹുലിന്റെ സ്ഥാനം ഇടയ്ക്കിടെ മാറുന്നുവെന്നും വിജയം ഉറപ്പാക്കാന്‍ താരത്തിന്റെ ബാറ്റിങ് ഓര്‍ഡര്‍ കൃത്യമായി നിര്‍വചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ മാനേജ്മെന്റ് താരത്തെ മധ്യനിരയിലാണ് കളിപ്പിക്കുന്നതെന്നും താരം ടീമില്‍ സംതൃപ്തനാണോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

എസ്. ബദ്രിനാഥ്.

‘ദല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിങ് ഓര്‍ഡര്‍ അസന്തുലിതമാണ്. ഓരോ വര്‍ഷവും അവര്‍ക്കത് ഒരു തലവേദനയാണ്, പ്രത്യേകിച്ച് കെ.എല്‍ രാഹുലിന്റെ പൊസിഷനില്‍. രാഹുല്‍ ഓപ്പണ്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

എന്നാല്‍, ടീം മാനേജ്മെന്റിന് രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനാണ് താത്പര്യം. ഇത് വലിയ പ്രശ്നമായി നിലനില്‍ക്കുന്നു. രാഹുല്‍ ഡി.സിയില്‍ സന്തോഷവാനാണോ എന്ന് പോലും സംശയമാണ്. ടീമിന്റെ പ്രകടനത്തെ ഈ പ്രശ്‌നം ബാധിക്കുമെന്നതിനാല്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്,’ ബദ്രിനാഥ് പറഞ്ഞു.

ഐ.പി.എല്‍ 2025ലാണ് രാഹുല്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായത്. ആ സീസണില്‍ 13 മത്സരങ്ങളില്‍ താരം 13 മത്സരങ്ങളിലാണ് കളിച്ചത്. അതില്‍ 33 കാരന്‍ നേടിയത് 539 റണ്‍സായിരുന്നു.

കെ.എൽ രാഹുൽ. Photo: Delhi Capitals/x.com

നാല് തവണ രാഹുല്‍ ഓപ്പണറായാണ് എത്തിയത്. ഏഴ് മത്സരങ്ങളില്‍ നാലാം നമ്പറിലും താരം കളത്തിലെത്തി. ബാക്കി രണ്ട് മത്സരങ്ങളിലും മൂന്നാം സ്ഥാനത്തുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡി.സിയില്‍ കളിച്ചത്.

അതേസമയം, ഐ.പി.എല്‍ 2026ന് മാര്‍ച്ച് 28ന് തുടക്കമാകും. ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെയാണ് ഈ സീസണില്‍ ഡി.സി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ ഒന്നിന് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

Content Highlight: Subhramaniam Badrinath says that the Delhi Capitals must clearly define KL Rahul’s batting role for IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more