| Tuesday, 17th March 2026, 10:30 am

ഈ ഐ.പി.എല്‍ അവന്റെ ടി - 20 കരിയറില്‍ വഴിത്തിരിവായേക്കും: എസ്. ബദ്രിനാഥ്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 ഇന്ത്യന്‍ ടെസ്റ്റ് – ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ടി – 20 കരിയറില്‍ നിര്‍ണായക വഴിത്തിരിവായേക്കാമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിനാല്‍ ഗില്ലിന് ഒരുപാട് കാര്യങ്ങള്‍ തെളിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും യശസ്വി ജെയ്‌സ്വാളും എന്നിവര്‍ ഓപ്പണിങ്ങിലുണ്ടെന്നും ഐ.പി.എല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമേ ഗില്ലിന് ഇന്ത്യന്‍ ടി – 20 ടീമിലേക്ക് ഒരു മടങ്ങിവരവിന് സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

‘ഈ ഐ.പി.എല്‍ ഗില്ലിന് വലിയ വഴിത്തിരിവായേക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യന്‍ ടി – 20 ടീമില്‍ നിന്ന് പുറത്താക്കിയതിനാൽ അവന് തെളിയിക്കാൻ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും. അവന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും ക്യാപ്റ്റനാണ്, എന്നിട്ടും ടി – 20 ടീമില്‍ ഇടമില്ല. ലോകകപ്പിന് തൊട്ട് മുമ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് അവനെ വേദനിപ്പിക്കുന്നുണ്ടാകും.

ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, യശസ്വി ജെയ്സ്വാള്‍ എന്നിവരുണ്ട്. അവര്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഗില്‍ തന്റെ കളി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ അവന്‍ ഇന്ത്യന്‍ ടീമിലേക്ക് ഒരു മടങ്ങിവരവ് സാധ്യമാകുകയുള്ളൂ,’ ബദ്രിനാഥ് പറഞ്ഞു.

ശുഭ്മൻ ഗിൽ. Photo: BCCI/x.com

കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഗില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. താരം 15 മത്സരങ്ങളില്‍ കളിച്ച് 650 റണ്‍സാണ് ആ സീസണില്‍ എടുത്തത്. അതിന് പിന്നാലെ താരം ഇന്ത്യയുടെ ടി – 20 ടീമിലും സ്ഥാനം കണ്ടെത്തി.

എന്നാല്‍, ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഗില്ലിന് ഈ മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും ബാറ്റേന്തിയെങ്കിലും താരത്തിന് തിളങ്ങാനായില്ല. അതോടെ വലം കൈയ്യന്‍ ബാറ്റര്‍ക്ക് ടീമിലെ ഇടം നഷ്ടമാവുകയായിരുന്നു.

Content Highlight: Subhramaniam Badrinath says that IPL 2026 could be potential turning point in Shubhman Gill’s T20I career

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more