| Wednesday, 22nd April 2026, 6:54 pm

ധോണി തിരിച്ചെത്തിയാല്‍ സഞ്ജു ഈ റോളില്‍ എത്തട്ടെ: ബദ്രിനാഥ്

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ഏറ്റവും സക്‌സസ്ഫുള്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏപ്രില്‍ 23ന് വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം എം.എസ്. ധോണി തിരിച്ചെത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

ഇപ്പോള്‍ ധോണിയുടെ മടങ്ങിവരവിനെയും അത് സി.എസ്.കെ ടീം ലൈന്‍ അപ്പില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ചെന്നൈ താരം എസ്. ബദ്രിനാഥ്. ധോണി തിരിച്ചെത്തിയാല്‍ കീപ്പറായി താരം തന്നെയായിരിക്കുമെന്നും അപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇംപാക്ട് സബ്ബാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്. ബദ്രിനാഥ്.

പരിക്കേറ്റ് പുറത്തായ യുവതാരം ആയുഷ് മാഹ്‌ത്രെയ്ക്ക് പകരം ധോണി പ്ലെയിങ് ഇലവനില്‍ എത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

‘ആര് ആയുഷ് മാഹ്‌ത്രെയുടെ പകരക്കാരനാവുമെന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. എം.എസ് ധോണിയെ പോലും പലരും പറയുന്നു. പക്ഷേ, ആയുഷ് മാഹ്‌ത്രെ ഇംപാക്ട് സബ്ബായാണ് കളിക്കാറുള്ളത്. ധോണി തിരിച്ചെത്തിയാല്‍ അദ്ദേഹം കീപ്പറാകും.

അങ്ങനെയെങ്കില്‍ ആരാകും ഇംപാക്ട് സബ്? സഞ്ജു സാംസണാകുമോ? ഇതുപോലെ ഒരുപാട് ചോദ്യങ്ങള്‍ ഉയരും. എന്റെ അഭിപ്രായത്തില്‍ മാഹ്‌ത്രെയ്ക്ക് പകരമായി ധോണി പ്ലെയിങ് ഇലവനില്‍ എത്തട്ടെ. ഇതാണ് ശരിയായ സമയം. സഞ്ജുവിനെ ചെന്നൈ ഇംപാക്ട് സബ്ബാക്കി ഉപയോഗിക്കട്ടെ,’ ബദ്രിനാഥ് പറഞ്ഞു.

സഞ്ജു സാംസണും എം.എസ് ധോണിയും. Photo: CricketAdicctor

ധോണിയ്ക്ക് സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് പരിക്കേറ്റത്. പേശി വലിവ് കാരണം താരത്തിന് ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല. നേരത്തെ പല സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും താരം ഇറങ്ങിയിരുന്നില്ല.

ഇപ്പോള്‍ ധോണി പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ പറഞ്ഞു. മുംബൈക്കെതിരെ കളിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Subhramaniam Badrinath says that CSK may use Sanju Samson as Impact sub when MS dhoni returns

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more