ന്യൂദല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്) നാസയുടെ നേതൃത്വത്തിലുള്ള ആക്‌സിയം-4 ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം തിരികെ ഇന്ത്യയിലെത്തി ശുഭാന്‍ഷു ശുക്ല. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെയാണ് അദ്ദേഹം തിരികെ എത്തിയത്.
ഐ.എസ്.എസിലെ 18 ദിവസത്തെ വാസത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് ന്യൂദല്‍ഹിയില്‍ തിരിച്ചെത്തിയത്. പങ്കാളിയായ കാംന, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരാണ് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
ജൂണ്‍ 25ന് സപേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്താലായിരുന്നു ഡ്രാഗണ്‍ ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേക്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
ജൂണ്‍ 26നായിരുന്നു ഡ്രാഗണ്‍ഫ്‌ളൈ അന്താരാഷ്ട്ര നിലയവുമായി ഡോക്ക് ചെയ്തത്. അവിടെ വെച്ച് ശുഭാന്‍ഷു ശുക്ല മൈക്രോഗ്രാവിറ്റിയില്‍ ഒന്നിലധികം ശാസ്ത്രീയ പരീക്ഷണങ്ങളാണ് നടത്തിയത്.
ഐ.എസ്.ആര്‍.ഒ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, അമേരിക്കന്‍ കമ്പനിയായ ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് ഈ ദൗത്യം നടത്തിയിരുന്നത്.
രാകേശ് ശര്‍മക്ക് ശേഷം (1984) 41 വര്‍ഷത്തിന് ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യക്കാരനാണ് ശുഭാന്‍ഷു ശുക്ല. ഒപ്പം ഐ.എസ്.എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം.
ദൗത്യത്തിന്റെ പൈലറ്റ്കൂടിയായിരുന്നു ശുഭാന്‍ഷു. നാസയുടെ മുന്‍ ബഹിരാകാശ യാത്രികയും ആക്സിയം സ്പേസ് ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് ഡറക്ടറുമായ പെഗ്ഗി വിറ്റ്സണ്‍ ആയിരുന്നു ദൗത്യത്തിന്റെ ക്യാപ്റ്റന്‍.
ശുഭാന്‍ഷു ശുക്ലക്കും പെഗ്ഗി വിറ്റ്സണും പുറമെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവസ്‌കി,ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപുഎന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
ഇന്ത്യയുടെ വരാനിരിക്കുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് പ്രായോഗിക അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നാസ, സ്‌പേസ് എക്‌സ് എന്നിവയുമായി സഹകരിച്ച് ഈ ദൗത്യം നടത്തിയത്.
Content: Subhanshu Shukla returns to India; first Indian to visit ISS