കെ.ജി.എഫിന്റെ വിജയത്തെ പിന്തുടര്‍ന്ന് കരിപുരണ്ട യൂണിവേഴ്‌സും സീക്വല്‍ ട്രെന്‍ഡും പിന്‍പറ്റി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ഇന്‍ഡസ്ട്രിയായിരുന്നു സാന്‍ഡല്‍വുഡ്. കാന്താരക്ക് ശേഷം അത്തരം സിനിമകളും ധാരാളമായി വന്നതോടെ പ്രേക്ഷകരും കന്നഡ സിനിമകളോട് മുഖം തിരിച്ചു. ഇടക്ക് ഒന്നോ രണ്ടോ നല്ല സിനിമകള്‍ പുറത്തുവന്നെങ്കിലും പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാന്‍ അവക്കൊന്നും സാധിച്ചില്ല.
ഇപ്പോഴിതാ ഒരുകൂട്ടം ചെറിയ താരങ്ങളെ വെച്ചും വിജയം സ്വന്തമാക്കാമെന്ന് കന്നഡ ഇന്‍ഡസ്ട്രി തെളിയിച്ചിരിക്കുകയാണ്. കന്നഡ ഇന്‍ഡസ്ട്രിയിലെ മികച്ച നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി നിര്‍മിച്ച് തിയേറ്ററുകളിലെത്തിയ സു ഫ്രം സോയാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. 100 കോടി കളക്ഷന്‍ ഇതിനോടകം സു ഫ്രം സോ പിന്നിട്ടു.
നവാഗതനായ ജെ.പി. തുമിനാട് സംവിധാനം ചെയ്ത ചിത്രം മംഗലാപുരത്തെ ഒരു സാധാരണ ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. ഗ്രാമത്തിലെ ചില ആളുകളും അവരെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസത്തിന്റെയും കഥ പറഞ്ഞ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയം നേടിയത്. ക്യാമറക്ക് മുന്നില്‍ അധികം കണ്ട് പരിചയമില്ലാത്ത ഒരുപിടി ആര്‍ട്ടിസ്റ്റുകളുടെ പ്രകടനവും ചിത്രത്തെ മികച്ചതാക്കി.
എട്ട് കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇന്‍ഡസ്ട്രിയില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യവാരം കര്‍ണാടകയില്‍ വന്‍ ഡിമാന്‍ഡായിരുന്നു സു ഫ്രം സോയ്ക്ക്. കേരളത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിലും ചിത്രം വന്‍ ഹിറ്റായി മാറി. ആദ്യവാരം വെറും 75 സ്‌ക്രീനില്‍ റിലീസായ ചിത്രം രണ്ടാം വാരത്തില്‍ 175 സ്‌ക്രീനുകളിലേക്ക് മാറി.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിച്ചത്. 4.1 കോടിയാണ് സു ഫ്രം സോയുടെ മലയാളപതിപ്പ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. കന്നഡ ഡബ്ബാണെന്ന് തോന്നിക്കാത്ത തരത്തിലായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കേരളത്തോട് സാമ്യമുള്ള മംഗാലപുരത്തെ ഗ്രാമങ്ങളും കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞെന്നാണ് പ്രേക്ഷക പ്രതികരണം.
കാന്താരയുടെ കഥയെഴുതിയ ഷനീല്‍ ഗൗതമാണ് സു ഫ്രം സോയില്‍ നായകനായി എത്തിയത്. രവി അണ്ണന്‍ എന്ന കഥാപാത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആരാധകപിന്തുണയുണ്ടായി. സംവിധായകനായ ജെ.പി. തുമിനാടും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 100 കോടി നേടാന്‍ വമ്പന്‍ സ്റ്റാര്‍ കാസ്റ്റ് വേണ്ടെന്ന് ഇന്‍ഡസ്ട്രിക്ക് തെളിയിച്ചിരിക്കുകയാണ് സു ഫ്രം സോ.
Content Highlight: Su From So movie entered 100 crore club