അഞ്ച് കോടി ബജറ്റിൽ പുറത്തിറങ്ങി വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു സു ഫ്രം സോ അഥവാ സുലോചന ഫ്രം സോമേശ്വര. മൗത്ത് പബ്ലിസിറ്റിയിലൂടെ ഒരു ചിത്രത്തിന് ഹിറ്റാകാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചിത്രം.
ഹൊറർ ഴോണറിലുള്ള ചിത്രമാണെങ്കിലും ഇത് പേടിപ്പെടുത്തില്ല. മറിച്ച് നമ്മെ ചിരിപ്പിക്കും. ചിത്രത്തിന്റെ ബഡ്ജറ്റ് അഞ്ച് കോടിയാണെങ്കിലും തിയേറ്ററുകളിൽ നിന്നും സിനിമ സ്വന്തമാക്കിയത് 120 കോടിയാണ്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലും പ്രദർശനം തുടങ്ങിയിരിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ ചിത്രം ലഭ്യമാണ്.
സു ഫ്രം സോ സംവിധാനം ചെയ്തത് ജെ.പി തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും. കൂടാതെ, ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്. സന്ധ്യ അരേക്കരെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രശസ്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടിയ്ക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും. ഓഗസ്റ്റ് ഒന്നിനാണ് ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങിയത്.
ആദ്യാവസാനം ആസ്വാദകരെ ചിരിപ്പിക്കുന്ന ചിത്രമാണ് സു ഫ്രം സോ. കർണാടകയിലെ ഉൾഗ്രാമത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. രവി അണ്ണനെയും അശോകനെയും ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഗ്രാമത്തിലെ എല്ലാക്കാര്യത്തിലും മേൽനോട്ടം വഹിക്കുന്നത് രവിയണ്ണനാണ്. എല്ലാവരും ഉപദേശം ചോദിക്കുന്നതും തീരുമാനം എടുക്കുന്നതും രവിയണ്ണനോട് തന്നെയാണ്. കൂടാതെ അദ്ദേഹമൊരു ക്രോണിക് ബാച്ചിലർ കൂടെയാണ്. എന്നാൽ രവിയണ്ണനെ ഇഷ്ടമില്ലാത്തൊരാൾ ആ ഗ്രാമത്തിലുണ്ട്. അതാണ് അശോകൻ. അശോകന് അവിടെയുള്ള പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നുണ്ട്.
ഒരു രാത്രിയിൽ അവൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കാൻ പോയ അശോകനെ നാട്ടുകാർ കാണുന്നു. എന്നാൽ അതിൽ നിന്നും രക്ഷപെടാൻ ഉപയോഗിക്കുന്ന പോംവഴിയായി അശോകൻ പ്രയോഗിക്കുന്നത് പ്രേതബാധ കയറി എന്നായിരുന്നു. പിന്നീട് അതിനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
പ്രധാന കഥാപാത്രങ്ങളായി വന്നവരിൽ രാജ്. ബി. ഷെട്ടിയെ ഒഴിച്ച് മറ്റാരെയും പ്രേക്ഷകർക്ക് പരിചയമില്ലെങ്കിലും ഒരു അപരിചിതത്വവും കൂടാതെ കാണാൻ പ്രേക്ഷകർക്ക് സാധിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ വിജങ്ങളിലൊന്ന്.
മറ്റൊരു എടുത്തുപറയേണ്ട കാര്യം അതിന്റെ ഡബ്ബിങ്ങാണ്. കന്നഡ ചിത്രമാണെന്ന് പോലും തോന്നിക്കാത്ത രീതിയിലാണ് ചിത്രത്തിന് ഡബ്ബിങ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒന്നിനൊന്ന് മികച്ചതായിരുന്നു.
നിതിൻ ഷെട്ടി എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവഹിച്ചത് സന്ദീപ് തുളസീദാസ് ആണ്.
Content Highlight: Su from So, a superhit through word of mouth publicity; watch it on OTT