| Thursday, 25th September 2025, 1:00 pm

ഫെമിനൈനായി കണ്ടാല്‍ ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ചോദിച്ചു, ലാല്‍ സാറിന്റെ മറുപടി... സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് വലിയൊരു സര്‍പ്രൈസായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ വിന്‍സ്‌മെര ജ്വല്ലറിയുടെ പരസ്യം. പ്രകാശ് വര്‍മ സംവിധാനം ചെയ്ത പരസ്യത്തില്‍ ഇതുവരെ കാണാത്ത പുതിയൊരു മോഹന്‍ലാലിനെയായിരുന്നു കാണാന്‍ സാധിച്ചത്. എല്ലാവരുടെയുള്ളിലും ഒരു സ്ത്രീയുണ്ടെന്ന ആശയം അതിമനോഹരമായി മോഹന്‍ലാല്‍ പകര്‍ന്നാടി.

വളരെ ചെറിയ പരസ്യചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പ് പലരും എടുത്തു പറഞ്ഞ ഒന്നായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മോഹന്‍ലാലിന്റെ കോസ്റ്റിയൂമുകള്‍ ഡിസൈന്‍ ചെയ്യുന്ന ശാന്തി കൃഷ്ണയായിരുന്നു ഈ പരസ്യചിത്രത്തിലും മോഹന്‍ലാലിന്റെ കോസ്റ്റ്യൂം  തെരഞ്ഞടുത്തത്. താന്‍ ഇതുവരെ ചെയ്തതില്‍ ടോപ്പ് വണ്‍ ഡിസൈന്‍ ഈ പരസ്യചിത്രത്തിന്റേതാണെന്ന് പറയുകയാണ് ശാന്തി കൃഷ്ണ.

‘ഇതുവരെ ചെയ്തതില്‍ ടോപ് വണ്ണില്‍ ഞാന്‍ തെരഞ്ഞെടുക്കുന്നത് വിന്‍സ്‌മെരയുടെ വര്‍ക്കാണ്. അത്രമാത്രം ടെന്‍ഷനായിരുന്നു. കാരണം, അതുവരെ നമ്മള്‍ മാന്‍ലിയായി മാത്രം കണ്ട ലാലേട്ടനെ ഫെമിനൈന്‍ ഗെറ്റപ്പില്‍ പ്രസന്റ് ചെയ്യുകയാണല്ലോ. ലാലേട്ടനാണ് ഈ പരസ്യത്തിന്റെ കാര്യം എന്നോട് ആദ്യം പറഞ്ഞത്. ‘ഒരു ആഡ് ഫിലിം ചെയ്യുന്നുണ്ട്, പ്രകാശ് വര്‍മയാണ് ഡയറക്ട് ചെയ്യുന്നത്. സ്‌ക്രിപ്റ്റും ബാക്കി കാര്യങ്ങളും ശാന്തിയുമായി സംസാരിക്കും’ എന്ന് ലാലേട്ടന്‍ പറഞ്ഞു.

പിന്നീട് പ്രകാശ് സാര്‍ വിളിച്ച് എന്നോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. എന്താണ് ഉദ്ദേശിക്കുന്നതെന്നും എങ്ങനെ ഷൂട്ട് ചെയ്യണമെന്നുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. ‘എങ്ങനെയാണെന്ന് വെച്ചാല്‍ ശാന്തി പ്ലാന്‍ ചെയ്യൂ’ എന്ന് പറഞ്ഞ് പ്രകാശ് സാര്‍ കംപ്ലീറ്റ് ഫ്രീഡം തന്നു. ഈ പരസ്യത്തിന് വേണ്ടി ഞാന്‍ ആകെ ഒരൊറ്റ അറ്റയര്‍ മാത്രമേ സെലക്ട് ചെയ്തുള്ളൂ.

പക്ഷേ, ലാല്‍ സാറിനെ ഇതുപോലെ ഫെമിനൈന്‍ ആയി കാണുമ്പോള്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് ചോദിച്ചു. ‘ഇതിനെ ഒരു ആര്‍ട്ടായിട്ട് കാണൂ ശാന്തി’ എന്നായിരുന്നു ലാല്‍ സാറിന്റെ മറുപടി. അങ്ങനെയാണ് ഞാന്‍ ആ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത്. നോര്‍മല്‍ ഷര്‍ട്ടിന് മുകളില്‍ കോളര്‍ ഇല്ലാത്ത കോട്ട് ഡിസൈന്‍ ചെയ്ത് പ്രകാശ് സാറിനെ കാണിച്ചു. അദ്ദേഹത്തിന് ഓക്കെയായി.

പിന്നീട് ഈ ഷോട്ട് എടുക്കുന്ന സമയത്ത് ഏറ്റവും അടുത്ത് നിന്ന് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തെ ഇങ്ങനെയൊരു രീതിയില്‍ കാണുക എന്ന് പറയുന്നത് ഞാന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യമായിരുന്നു. വല്ലാതെ സര്‍പ്രൈസ്ഡായി. മോണിറ്ററില്‍ പോയി നോക്കിയപ്പോള്‍ അതിന്റെ മാജിക് കുറച്ചുകൂടി മനസിലായി,’ ശാന്തി കൃഷ്ണ പറയുന്നു.

Content Highlight: Stylist Shanti Krishna about Mohanlal’s costume in Vinsmera ad film

We use cookies to give you the best possible experience. Learn more