| Sunday, 7th September 2025, 8:17 am

കേരളത്തില്‍ വന്ന് ഒരു സിനിമയില്‍ ഫൈറ്റ് ചെയ്തുതരുമോ എന്ന് അദ്ദേഹം; ഒരു യുവാവിനെ പോലെ അയാള്‍ ഇപ്പോഴും ഫൈറ്റ് ചെയ്യും: സ്റ്റണ്ട് സില്‍വ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് സ്റ്റണ്ട് സില്‍വ. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത യമദൊങ്ക എന്ന ചിത്രത്തിലൂടെയാണ് സില്‍വ ആക്ഷന്‍ കൊറിയോഗ്രഫി രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, നേപ്പാളി, ഹിന്ദി, ബംഗാളി ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചു.

ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലേക്കെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റണ്ട് സില്‍വ.

‘സത്യം പറഞ്ഞാല്‍ മലയാള സിനിമയുമായി എന്തോ ഒരു കണക്ഷന്‍ എനിക്കുണ്ട്. കാരണം തമിഴനായ ഞാന്‍ ആദ്യം കാണുന്ന സിനിമ തന്നെ മലയാളത്തിലാണ്. 19-ാം വയസിലാണ് ഞാന്‍ ജോലി തേടി ആദ്യമായി ചെന്നൈയില്‍ എത്തുന്നത്. അവിടെയെത്തി ആദ്യ ദിവസമാണ്, എന്റെ കൈയില്‍ 15 രൂപയുണ്ട്. അപ്പോള്‍ ക്രിസ്റ്റഫര്‍ പറഞ്ഞു, സിനിമയ്ക്ക് പോകാമെന്ന്.

അന്ന് സിനിമ കാണുന്നതെല്ലാം ചിന്തിക്കാന്‍പോലും കഴിയുന്ന കാര്യമല്ല. ഓര്‍ഫനേജില്‍ അങ്ങനെയൊരു ജീവിതമായിരുന്നല്ലോ, എന്നാലും പോകാമെന്ന് തീരുമാനിച്ചു. തിയേറ്ററില്‍ ചെന്നു. ടിക്കറ്റിന് നാലര രൂപ. അന്ന് കണ്ട സിനിമ മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍, പടം നല്ലതായിരുന്നെങ്കിലും എന്റെ ഉള്ളില്‍ നിറയെ പേടിയായിരുന്നു,’ സില്‍വ പറയുന്നു.

സിനിമ കാണുന്നതുതന്നെ അപ്പോള്‍ പാപമാണെന്ന് തോന്നിയിരുന്നുവെന്നും കര്‍ത്താവിനെ വിളിച്ച് മാപ്പുനല്‍കണേ എന്നെല്ലാം താന്‍ പ്രാര്‍ഥിച്ചിരുന്നുവെന്നും അദ്ദഹം പറയുന്നു. വലിയ തെറ്റുചെയ്തപോലെ തോന്നിയിരുന്നുവെന്നും സില്‍വ പറഞ്ഞു.

‘വിജയ് നായകനായിരുന്ന ജില്ല എന്ന സിനിമയില്‍ ജോലിചെയ്യുമ്പോഴാണ് മോഹന്‍ലാല്‍ സാറുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം ഒരിക്കല്‍ കേരളത്തില്‍ വന്ന് ഒരു പടത്തില്‍ ഫൈറ്റ് ചെയ്തുതരുമോ എന്ന് ചോദിച്ചു. അതിനുമുമ്പേ മലയാളത്തില്‍ കിങ് ആന്‍ഡ് കമ്മിഷണറിനുവേണ്ടി സ്റ്റണ്ട് ചെയ്തിരുന്നു. ലാല്‍സാറിനുവേണ്ടി ആദ്യം ചെയ്തത് മിസ്റ്റര്‍ ഫ്രോഡിലാണ്. പിന്നെ ഒപ്പം, ലൂസി ഫര്‍, ലോഹം എന്നീ പടങ്ങളിലും ജോലിചെയ്തു.

ഫൈറ്റ് സീനുകള്‍ ചെയ്യാന്‍ മോഹന്‍ലാലിന് ഭയങ്കര താത്പര്യമാണെന്നും ഇപ്പോഴും അദ്ദേഹം യുവാവിനെപ്പോലെ ഫൈറ്റ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. തമിഴില്‍ വിജയ്ക്കും ഫൈറ്റില്‍ നല്ല താത്പര്യമാണെന്നും തലൈവ, വേലായുധം, ജില്ല അടക്കം കുറച്ചുപടങ്ങളില്‍ താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ സ്ട്രീറ്റ്‌ലൈറ്റിലും മിസ്റ്റര്‍ ഫ്രോഡിലും താന്‍ അഭിനയിച്ചുവെന്നും സില്‍വ പറഞ്ഞു.

Content highlight: Stunt Silva talks about his entry into Malayalam cinema

We use cookies to give you the best possible experience. Learn more