| Tuesday, 16th June 2026, 10:20 pm

ആക്ഷന്‍ സിനിമയല്ലെന്ന് പറഞ്ഞു, സെറ്റില്‍ സ്റ്റണ്ട് സില്‍വയും... തരുണ്‍ മൂര്‍ത്തി ഹൈപ്പ് കുറക്കുകയാണോയെന്ന് ആരാധകര്‍

അമര്‍നാഥ് എം.

വെറുമൊരു ഫാമിലി ഡ്രാമയാകുമെന്ന് കരുതി ടിക്കറ്റെടുത്തവര്‍ക്ക് ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് സമ്മാനിച്ച ചിത്രമായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി എന്ന ഫാന്‍ ബോയ് മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറി. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ആദ്യ മലയാളചിത്രം കൂടിയാണ് തുടരും.

ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ തുടരുമിന് ശേഷം മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിയ ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ മീശ മാത്രം വെച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് അതിമനോഹരം.

തുടരും പോലെ ആക്ഷനും ഇമോഷനുകളും നിറഞ്ഞ ചിത്രമാകും അതിമനോഹരമെന്ന് ആരാധകര്‍ പ്രതീക്ഷകള്‍ പങ്കുവെക്കുന്നുണ്ട്. ആക്ഷന്‍ സീനുകള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇതൊരു സാധാരണ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണെന്നായിരുന്നു തരുണിന്റെ മറുപടി. പൊലീസ് പ്രൊസീജിയറുകള്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തില്‍ ആക്ഷന്‍ സീക്വന്‍സുകളും ഉണ്ടായേക്കുമെന്നാണ് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. തുടരും, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ സീനുകളൊരുക്കിയ സ്റ്റണ്ട് സില്‍വയെ കഴിഞ്ഞദിവസം അതിമനോഹരത്തിന്റെ ലൊക്കേഷനില്‍ കണ്ടിരുന്നു. ഇതോടെ ചിത്രത്തില്‍ ആക്ഷന്‍ സീനുകളും ഉണ്ടാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

കറുത്ത മുണ്ട് ഉടുത്ത് ഒരു കള്ള് ഷാപ്പിന് മുന്നില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ഫോട്ടോയും കഴിഞ്ഞദിവസം വൈറലായിരുന്നു. ഷാപ്പിലെ ഫൈറ്റ് സീനായിരിക്കും ഇതെന്നും ചില ആരാധകര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. നരന് ശേഷം ഷാപ്പിലെ മറ്റൊരു ഫൈറ്റ് സീനിനായി ഫാന്‍സ് കാത്തിരിക്കുകയാണ്. എന്നാല്‍ ആരാധകരുടെ ഇത്തരം പോസ്റ്റുകള്‍ക്കെതിരെ വിമര്‍ശനങ്ങളുമുണ്ട്.

മോഹന്‍ലാലിന്റെ സിനിമയില്‍ വെറും മുണ്ട് മടക്കിക്കുത്തലും മാസ് മീശപിരിയും മാത്രം മതിയെന്ന് ആഗ്രഹിക്കുന്ന ഇത്തരം ആരാധകരാണ് മോഹന്‍ലാലിന്റെ ശാപമെന്നും പലരും അഭിപ്രായപ്പെടുന്നു. ഷൂട്ട് നടക്കുന്ന സിനിമയെക്കുറിച്ച് അനാവശ്യ പ്രതീക്ഷകള്‍ നല്‍കി പ്രേക്ഷകരെ നിരാശരാക്കരുതെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു.

Content Highlight: Stunt Silva’s presence in Athimanoharam movie set viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more