| Monday, 7th July 2025, 9:22 am

മാതൃഭാഷയിൽ പഠിക്കുന്നത് മൂല്യങ്ങൾ വളർത്തിയെടുക്കും, ആശയപരമായ വ്യക്തത വർധിപ്പിക്കും: ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മാതൃഭാഷയിൽ പഠിക്കുന്നത് ആശയപരമായ വ്യക്തത വർധിപ്പിക്കുക മാത്രമല്ല, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. ഇന്നലെ (ഞാറാഴ്‌ച) ഗിർഗാവിലെ ചികിത്സക് സമൂഹ ഷിരോൽക്കർ ഹൈസ്കൂളിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രൈമറി മുതൽ സെക്കൻഡറി സ്കൂൾ വരെ അദ്ദേഹം പഠിച്ച വിദ്യാലയമാണ് ചികിത്സക് സമൂഹ ഷിരോൽക്കർ ഹൈസ്‌കൂൾ. ‘ഞാൻ മറാത്തി മീഡിയം സ്കൂളിലാണ് പഠിച്ചത്. ഒരാളുടെ മാതൃഭാഷയിൽ പഠിക്കുന്നത് ആശയപരമായ മികച്ച ഗ്രാഹ്യത്തിന് സഹായിക്കുന്നു. കൂടാതെ ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം നിലനിൽക്കുന്ന ശക്തമായ മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

ചികിത്സക് സമൂഹ ഷിരോൽക്കർ ഹൈസ്കൂളിൽ തന്നെ പ്രൈമറി മുതൽ സെക്കൻഡറി വരെ പഠിപ്പിച്ച, തന്റെ ആദ്യകാല ജീവിതം രൂപപ്പെടുത്തിയ അധ്യാപകരോട് അഗാധമായ നന്ദി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

‘ഇന്ന് ഞാൻ എത്ര ഉയരത്തിലെത്തിയാലും, എന്റെ അധ്യാപകരും ഈ സ്കൂളും അതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെ നിന്ന് എനിക്ക് ലഭിച്ച വിദ്യാഭ്യാസവും മൂല്യങ്ങളും എന്റെ ജീവിതത്തിന് ദിശാബോധം നൽകി. പൊതുപ്രസംഗത്തിലെ എന്റെ യാത്ര ആരംഭിച്ചത് ഈ വേദിയിലാണ്. പ്രസംഗ മത്സരങ്ങളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും എനിക്ക് ആത്മവിശ്വാസം ലഭിച്ചു. ആ അവസരങ്ങൾ കൊണ്ടാണ് ഞാൻ ഇന്ന് ഞാനായിരിക്കുന്നത് ,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും വിദ്യാലയത്തെക്കുറിച്ചും സംസാരിക്കവെ മാതൃഭാഷായിൽ തന്നെ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യം ജസ്റ്റിസ് ബി. ആർ ഗവായ് ആവർത്തിച്ചു. ആശയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാനും ശക്തമായ ധാർമിക അടിത്തറ കെട്ടിപ്പടുക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം മഹാരാഷ്ട്രയിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ പഠിപ്പിക്കുമെന്ന ത്രിഭാഷാ നയം സംബന്ധിച്ച ഉത്തരവുകൾ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ പിൻവലിച്ചിരുന്നു.

മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള രണ്ട് സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ ജൂൺ 29 ഞായറാഴ്ച സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കി ഫഡ്‌നാവിസ് സർക്കാർ ഏപ്രിൽ 16 ന് ഒരു പ്രമേയം പുറപ്പെടുവിച്ചിരുന്നു. പ്രൈമറി സ്കൂൾ തലത്തിൽ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം 2020 ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം.

Content Highlight: Studying in mother tongue instils values, aids better understanding: Chief Justice

We use cookies to give you the best possible experience. Learn more