| Thursday, 3rd July 2025, 8:33 pm

യു.എസ്.എ.ഐ.ഡി ഫണ്ട് വെട്ടിക്കുറച്ച ട്രംപിന്റ നടപടി; കുട്ടികള്‍ ഉള്‍പ്പെടെ 14 ദശലക്ഷത്തിലധകം മരണമുണ്ടാകുമെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2025 ജനുവരിയില്‍ രണ്ടാം തവണയും അധികാരത്തില്‍ വന്ന ട്രംപ് ഭരണകൂടം യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന് (യു.എസ്.എ.ഐ.ഡി) നല്‍കിയിരുന്ന തുക വെട്ടിക്കുറച്ചത്, 2030 ആകുമ്പോഴേക്കും ലോകമെമ്പാടും 14 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുമെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. അഞ്ച് വയസിന് താഴെയുള്ള 4.5 ദശലക്ഷത്തിലധികം കുട്ടികളും ഇതില്‍ ഉള്‍പ്പെടുമെന്ന് പഠനത്തില്‍ പറയുന്നു.

ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ താഴ്ന്ന വരുമാനമുള്ള വരുമാന രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണ, മാനുഷിക പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ യു.എസ്.എ.ഐ.ഡി വളരെക്കാലമായി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പ്രഖ്യാപിച്ച വലിയ വെട്ടിക്കുറക്കല്‍ എച്ച്.ഐവി/എയ്ഡ്സ്, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളില്‍ നിന്നുള്ള മരണങ്ങള്‍ കുറയ്ക്കുന്നതില്‍ പതിറ്റാണ്ടുകളായി കൈവരിച്ച പുരോഗതിയെ ഇല്ലാതാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

രണ്ട് പതിറ്റാണ്ടുകളായി 133 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ ഡാറ്റ വിശകലനം ചെയ്ത ഗവേഷകര്‍ 2001 നും 2021 നും ഇടയില്‍ ഏകദേശം 30 ദശലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാനും 91 ദശലക്ഷം മരണങ്ങള്‍ തടയാന്‍ യു.എസ്.എ.ഐ.ഡി ധനസഹായത്തോടെയുള്ള പരിപാടികള്‍ക്ക് സാധിച്ചിരുന്നു.

യു.എസ്.എ.ഐ.ഡി പിന്തുണ ഗണ്യമായി ലഭിച്ച രാജ്യങ്ങളിലെ മരണനിരക്കില്‍ 15 ശതമാനം കുറവും കുട്ടികളുടെ മരണത്തില്‍ 32 ശതമാനം കുറവും ഉണ്ടാക്കാന്‍ സാധിച്ചത് ഈ പരിപാടിയുടെ സഹായത്തോടെയാണ്. എന്നാല്‍ ഇപ്പോള്‍ ഫണ്ടിങ് കുറഞ്ഞതിനാല്‍ ആ നേട്ടങ്ങള്‍ ഇല്ലാതാകാനുള്ള സാധ്യതയുണ്ട് എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

Content Highlight: Studies Says Trump’s USAID funding cuts could lead to 14 million deaths

We use cookies to give you the best possible experience. Learn more