ന്യൂയോര്‍ക്: ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ കഴിക്കുന്നത് സുരക്ഷിതമല്ലെന്നും കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളെ തള്ളി പഠനങ്ങള്‍.
ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്നും കുട്ടികളില്‍ ഓട്ടിസം, എ.ഡി.എച്ച്.ഡി എന്നിവ വര്‍ധിപ്പിക്കാന്‍ സാധ്യതകളുണ്ട് എന്നതിന് തെളിവുകളില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് ട്രംപ് പാരസെറ്റാമോളിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് നല്ലതല്ല. അത് ഗര്‍ഭസ്ഥ ശിശുകളെ ഓട്ടിസം ബാധിതരാക്കും. പാരസെറ്റാമോള്‍ കഴിക്കാതിരിക്കാന്‍ ഗര്‍ഭിണികള്‍ പോരാടണം എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
ആഗോള തലത്തിലുള്ള മെഡിക്കല്‍ വിദഗ്ധര്‍ അക്കാലത്ത് തന്നെ ട്രംപിന്റെ വാദങ്ങളെ തള്ളിയിരുന്നു. ഇപ്പോള്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച അവലോകനം പൂര്‍ണമാണെന്നും, പാരസെറ്റാമോളിന്റെ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
2026 ജനുവരി 17-ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓട്ടിസം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (എ.ഡി.എച്ച്.ഡി), ബൗദ്ധിക വൈകല്യങ്ങള്‍ എന്നിവയെക്കുറിച്ച് നടത്തിയ വിശദമായ പഠനങ്ങള്‍ ട്രംപിന്റെ വാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതാണ്.
ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യവികാസത്തെ നേരിട്ട് ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഈ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന കടുത്ത പനിയോ വേദനയോ ചികിത്സിക്കാതിരിക്കുന്നത് ഗര്‍ഭമലസുന്നതിനോ അല്ലെങ്കില്‍ കുട്ടി നേരത്തെ ജനിക്കുന്നതിനോ (premature birth) കാരണമായേക്കാം.
ഇത്തരം സാഹചര്യങ്ങളില്‍ ഐബുപ്രൂഫിന്‍ (ibuprofen) പോലുള്ള മറ്റ് മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടകരമായതിനാല്‍ പാരസെറ്റമോള്‍ തന്നെയാണ് ഏറ്റവും അനുയോജ്യമായ മരുന്നെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഗര്‍ഭിണികള്‍ക്ക് ഇത് കഴിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
‘വേദനയോ പനിയോ ഉള്ള ഗര്‍ഭിണികള്‍ക്ക് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ആദ്യ മരുന്ന് പാരസെറ്റമോള്‍ ആയതിനാല്‍ ഇത് ഏറെ പ്രധാനമാണ്,’ ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് സര്‍വകലാശാലയിലെ മറ്റേണല്‍ ഫീറ്റല്‍ പ്രൊഫസര്‍ പ്രൊഫസര്‍ ഖലീല്‍ പറഞ്ഞു.
‘തലവേദനയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകള്‍ കുട്ടിയുടെ ആരോഗ്യത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമോ എന്ന് ഗര്‍ഭിണികളായ അമ്മമാര്‍ക്ക് സംശയമുണ്ടാകേണ്ട ആവശ്യമില്ല’ ലണ്ടനിലെ കിങ്സ് കോളേജിലെ പ്രൊഫസര്‍ ഗ്രെയ്ന്‍ മക്അലോണന്‍ പറഞ്ഞു.
‘പഠനത്തിന്റെ കണ്ടെത്തലുകള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഒരു അന്ത്യം കുറിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Studies have refuted Donald Trump’s statements that taking paracetamol during pregnancy is unsafe.