| Wednesday, 4th November 2026, 9:31 am

കാലടി സര്‍വകലാശാല സമരം; സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍; മാപ്പെഴുതിക്കൊടുക്കില്ല!

ശ്രീരാഗ് പാറക്കല്‍

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹരജി. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

അന്വേഷണ വിധേയമായുള്ള സസ്‌പെന്‍ഷന്‍ ശിക്ഷാ നടപടിയല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. പരീക്ഷ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥികളുടെ ഹരജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

പി.ജി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ഇന്നാണ് ആരംഭിക്കുന്നത്. സമരം ചെയ്യുന്ന ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുക. ആറാം തീയതി ആരംഭിക്കുന്ന യു.ജി പരീക്ഷ എഴുതേണ്ട മൂന്ന് വിദ്യാര്‍ത്ഥികളും നടപടി നേരിടുകയാണ്.

ഒക്ടോബര്‍ 30നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 31നകം എക്‌സാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങള്‍ സര്‍വ്വകലാശാല ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കോടതി വിധിക്കെതിരെ വൈസ് ചാന്‍സിലര്‍ സിസ തോമസ് അപ്പീല്‍ നല്‍കുകയായിരുന്നു.

ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമില്ലെന്നായിരുന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുകയായിരുന്നു. ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യു.ജി.സി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. വി.സിയുടെ അപ്പീല്‍ നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

മതിയായ ഹാജരില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാനാകില്ലെന്നാണ് വി.സിയുടെ വാദം.

മാത്രമല്ല സസ്പന്‍ഷന്‍ നേരിട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതണമെങ്കില്‍ മാപ്പ് അപേക്ഷിക്കണമെന്ന സര്‍വകലാശാല പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കിയത്.

സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത സര്‍വകലാശാലയുടെ നിലപാടിനെതിരെ എസ്.എഫ്.ഐ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.

പത്രസമ്മേളനത്തില്‍ സംസാരിക്കവെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദായിരുന്നു സമര പ്രഖ്യാപനം നടത്തിയത്.

സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ 16 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പന്‍ഷന്‍ ലഭിച്ചത് വൈസ് ചാന്‍സിലര്‍ സിസ തോമസും ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. വൈസ് ചാന്‍സിലറെ അക്രമിച്ചെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

വി.സിക്കെതിരെ വെളിച്ചം മരിച്ചെന്ന പ്രതീകാത്മക നാടകം ചെയ്ത് പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് 16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ രജിസ്‌ട്രേഷനും ഫീസടക്കാനും അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് സര്‍വ്വകലാശാലയുടെ നീക്കം.

ചരിത്രത്തിലാദ്യമായാണ് സ്വന്തം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തടയാന്‍ ഒരു സര്‍വ്വകലാശാല തന്നെ കോടതിയെ സമീപിക്കുന്നത്. കോടതിയുടെ ഉത്തരവ് മറികടന്നുകൊണ്ടുള്ള സര്‍വകലാശാലയുടെ അപ്പീലിനെ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും കോടതിയെ സമീപിക്കുന്നത്.

Content Highlight: Students who faced suspension at Kalady Sanskrit University have approached the Supreme Court

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more