| Thursday, 2nd July 2026, 9:49 pm

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദു പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഡ് ഹൈക്കോടതി

ആദര്‍ശ് എം.കെ.

റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെക്കൊണ്ട് ഹിന്ദു പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കുന്നത് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 12ന് പുറപ്പെടുവിച്ച ഒരു സര്‍ക്കുലര്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് കോടതിയുടെ ഈ ഇടപെടല്‍.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം തുടങ്ങിയ ഹൈന്ദവ പ്രാര്‍ത്ഥനകള്‍ ദിനചര്യയുടെ ഭാഗമായി നിര്‍ബന്ധമായും ചൊല്ലിക്കണം എന്നായിരുന്നു ബി.ജെ.പി ഭരണത്തിലുള്ള സര്‍ക്കാരിന്റെ നിര്‍ദേശം.

സ്‌കൂളുകളുടെ പ്രവര്‍ത്തനം ഒരു പ്രത്യേക മതപരമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു സര്‍ക്കുലര്‍ ആവശ്യപ്പെട്ടത്.

രാവിലെ അസംബ്ലിയില്‍ ദേശീയഗാനം, ദേശീയഗീതം എന്നിവയ്‌ക്കൊപ്പം ദീപ മന്ത്രം, സരസ്വതി വന്ദനം, ഗുരു മന്ത്രം എന്നിവ ചൊല്ലണം, മഹാന്‍മാരുടെ ജീവചരിത്രം വായിക്കണം, ഉച്ചഭക്ഷണത്തിന് മുമ്പ് ‘ഭോജന മന്ത്രം’ ചൊല്ലണം, സ്‌കൂള്‍ വിടുന്നതിന് മുമ്പ് ഗായത്രി മന്ത്രവും ശാന്തി മന്ത്രവും ചൊല്ലണം എന്നിവയായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.

മുന്‍ ഛത്തീസ്ഗഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുള്‍ സലാം റിസ്വി, മുന്‍ ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ മഹേന്ദ്ര ഛബ്ദ, സാമൂഹിക പ്രവര്‍ത്തകന്‍ ഷഫീഖ് അഹമ്മദ് എന്നിവരാണ് ഈ സര്‍ക്കുലറിനെതിരൈ കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത മതബോധനം പാടില്ലെന്ന ഭരണഘടനയുടെ 28ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഈ സര്‍ക്കുലര്‍ എന്നായിരുന്നു ഹരജിക്കാരുടെ വാദം.

ഇത് മതേതരത്വത്തിന്റെ തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെ നടപ്പിലാക്കി തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ പ്രസ്താവന രേഖപ്പെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

എന്നിരുന്നാലും, ഭാവിയില്‍ ഏതെങ്കിലും കുട്ടിയെ ഇത്തരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നതായി കണ്ടാല്‍ ഹരജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള അനുവാദം ജസ്റ്റിസ് പ്രസാദ് നല്‍കി. അത്തരത്തിലുള്ള പരാതികള്‍ ഉണ്ടായാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

സ്വന്തം ഇഷ്ടപ്രകാരം പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതില്‍ തടസമില്ലെന്നും എന്നാല്‍ മറ്റ് മതസ്ഥരായ വിദ്യാര്‍ത്ഥികളെ ഇത് ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: Students should not be forced to recite Hindu prayers in government schools: Chhattisgarh High Court.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more