| Saturday, 4th October 2025, 11:44 am

ഫലസ്തീൻ അനുകൂല മൈം അവതരിപ്പിച്ച് സ്കൂൾ വിദ്യാർത്ഥികൾ; കലോത്സവം നിർത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസർഗോഡ്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ മൈം അവതരിപ്പിച്ചതിന് സ്കൂൾ തല കലോത്സവം നിർത്തിവെച്ച് കാസർഗോഡ് കുമ്പള ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ.

പ്ലസ്‌ ടുവിലെ ആറ് വിദ്യാർത്ഥികൾ ചേർന്നാണ് മൈം അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച മൈം രണ്ടര മിനിറ്റ്‌ മാത്രമേ നീണ്ടു നിന്നുള്ളൂ. വിദ്യാർത്ഥികൾ മൈം പൂർത്തിയാക്കുന്നതിന് മുമ്പ് അധ്യാപകർ കർട്ടൻ താഴ്ത്തുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വാക്കേറ്റമുണ്ടായെന്നും റിപ്പോർട്ടുണ്ട്.

വിദ്യാർത്ഥികൾ ഫലസ്തീന്റെ ഫ്ലാഗ് ഉൾപ്പടെ സ്റ്റേജിൽ ഉയർത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഇതിനിടയിൽ കലോത്സവം നിർത്തിവെക്കണമെന്ന് അധ്യാപകർ അറിയിക്കുകയായിരുന്നു.

ഇന്നലെയാണ്(വെള്ളി) സംഭവം നടന്നത്. തുടർന്നുള്ള ദിവസങ്ങളിലെ കലോത്സവവും നിർത്തിവച്ചതായാണ് റിപ്പോർട്ട്. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തെ തുടർന്ന് പി.ടി.എ അംഗങ്ങളുൾപ്പെടെയുള്ള ആളുകൾ ചേർന്ന് യോഗം ചേരാൻ തീരുമാനിച്ചു. ലോകമെമ്പാടും ഫലസ്തീന് ഐക്യദാർഢ്യം അറിയിക്കുന്ന ഈയൊരു സഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് നേരെ ഇത്തരമൊരു നടപടി.

Content Highlight: Students perform pro-Palestinian mime; Kalatsavam suspended

We use cookies to give you the best possible experience. Learn more