അൽവാർ: രാജസ്ഥാനിലെ അൽവാറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി പ്രതിഷേധിക്കാൻ പദ്ധതിയിട്ട വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജ്, റോഡുകളുടെ ശോച്യാവസ്ഥ, ‘മത്സ്യ അഴിമതി’ ആരോപണം, വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് അമിത് ഷായെ കരിങ്കൊടി കാണിക്കാനും പ്രതിഷേധിക്കാനുമായിരുന്നു വിദ്യാർഥികളുടെ നീക്കമെന്നാണ് റിപ്പോർട്ട്.
അൽവാറിലെ ആർ.ആർ. കോളെജിന് സമീപത്തുവെച്ചാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. അമിത് ഷായുടെ സന്ദർശനത്തിനിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുള്ള മുൻകരുതൽ നടപടിയാണിതെന്നും പൊലീസ് വ്യക്തമാക്കി.
വിദ്യാർഥികൾക്ക് പുറമെ ചില കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏകദേശം രണ്ട് ഡസനോളം കോൺഗ്രസ് പ്രവർത്തകരെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തതായി കോൺഗ്രസ് ആരോപിച്ചപ്പോൾ, 7–8 പേരെ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഖൈർതാൽ-തിജാര ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ബൽറാം യാദവിനെയും അനുയായികളെയും ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
ശനിയാഴ്ച നേരത്തെ യാദവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ആഭ്യന്തരമന്ത്രി പാർലമെന്റിൽ മറുപടി നൽകിയില്ല. വിദ്യാർഥികൾ ഭീകരരല്ല; അവർ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. എന്നാൽ പാർലമെന്റിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം ആഭ്യന്തരമന്ത്രി പുറത്ത് റാലി നടത്തുകയാണ്. അതിനാൽ രാജ്യത്തെ യുവാക്കളും ജനങ്ങളും ചോദിക്കുകയാണ്—പെല്ലറ്റ് ഗൺ ഉപയോഗിച്ചത് എന്തിനാണ്, അതിന് ഉത്തരവിട്ടത് ആരാണ്? ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിനിടെ ഞങ്ങൾ ഈ ചോദ്യങ്ങൾ ഉന്നയിക്കും. മറുപടി ലഭിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധിക്കുകയും കറുത്ത കൊടി കാണിക്കുകയും ചെയ്യും.’എന്ന് യാദവ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ടായിരുന്നതിനാലാണ് 7–8 പേരെ കസ്റ്റഡിയിലെടുത്തതെന്ന് ഖൈർതാൽ-തിജാര അഡീഷണൽ എസ്.പി. ജയ സിംഗ് പറഞ്ഞു. സമാധാനപരമായി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അനുസരിക്കാത്തതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്‌ക്കൊപ്പമാണ് അമിത് ഷാ അൽവാറിലെത്തുന്നത്. 6,279 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 933 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അൽവാറിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Content Highlight:Students detained in Rajasthan ahead of Amit Shah’s visit; police say they were planning protests.