| Monday, 2nd November 2026, 4:18 pm

കാലടി സർവകലാശാലയിലെ വിദ്യാർഥി സസ്പെൻഷൻ: പ്രതികാര നടപടികൾ ഒഴിവാക്കണമെന്ന് ടി.ടി. ശ്രീകുമാർ; പരീക്ഷാ വിലക്ക് കടുത്ത അനീതിയെന്ന് വിമർശനം

ശ്രീലക്ഷ്മി പി.പി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷാ വിലക്കും ദീർഘകാല സസ്പെൻഷനും ഏർപ്പെടുത്തിയ സംഭവത്തിൽ സർവകലാശാലാ അധികൃതർക്കെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. ടി.ടി. ശ്രീകുമാർ.

സ്വന്തം വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തടയാൻ ഹൈക്കോടതി ഉത്തരവിനെതിരെ സർവകലാശാല അപ്പീൽ നൽകിയത് ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ആവേശവും അക്ഷമയും ഇടയ്ക്കുണ്ടാകുന്ന അതിരുകടന്ന പ്രതികരണങ്ങളും പതിറ്റാണ്ടുകളായി വിദ്യാർഥിജീവിതത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുൻകാല അനുഭവങ്ങളും കുറിപ്പിൽ പങ്കുവെച്ചു. അദ്ദേഹം പഠിച്ച കോളേജിൽ ഉദ്ഘാടകനായെത്തിയ റോട്ടറി ക്ലബ്ബ് പ്രസിഡന്റിനെ വിദ്യാർഥികൾ കൂവിയപ്പോൾ, താൻ വിദ്യാർഥിയായിരുന്ന കാലത്ത് വി.കെ. കൃഷ്ണമേനോനെ കൂവിയിട്ടുണ്ടെന്ന നർമ്മബോധത്തോടെയാണ് അദ്ദേഹം അതിനെ നേരിട്ടത് എന്ന് ഉദ്ഘാടകൻ പറഞ്ഞതായി ശ്രീകുമാർ കുറിപ്പിൽ പറയുന്നു.

വിദ്യാർഥികൾ കൂവിയപ്പോൾ അവർക്ക് എങ്ങനെ ശരിയായി കൂവണമെന്ന് തിരിച്ചു കൂവി കാണിച്ചുകൊടുത്ത ചലച്ചിത്രകാരൻ ജോൺ എബ്രഹാമിനെ ഒടുവിൽ വിദ്യാർഥികൾ തോളിലേറ്റിയതും, തനിക്കെതിരെ വേദിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കാൻ ഇ.എം.എസ്. തയ്യാറാകാതിരുന്നതുമെല്ലാം മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വൈസ് ചാൻസലറെ കൈയേറ്റം ചെയ്തു, വാഹനം തടഞ്ഞു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് 16 വിദ്യാർഥികളെ രണ്ടുമാസത്തിലേറെയായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്നത്. എന്നാൽ കുട്ടികൾ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ക്യാമ്പസ് ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളെയും മുദ്രാവാക്യങ്ങളെയും ശാരീരിക ആക്രമണങ്ങളായി വ്യാഖ്യാനിക്കരുതെന്നും, കുറ്റക്കാരാണെന്ന മുൻവിധിയോടെയല്ല നീതിപൂർവമായ അന്വേഷണത്തിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർഥികളോട് വൈരനിര്യാതനബുദ്ധിയോടെ പെരുമാറുന്ന ഭരണരീതി തിരുത്തപ്പെടേണ്ടതാണ്. അച്ചടക്കലംഘനങ്ങൾ ആരോപിക്കപ്പെട്ടാൽ പോലും സ്വീകരിക്കുന്ന നടപടികൾ അതിന് ആനുപാതികമായിരിക്കണം. സസ്പെൻഷൻ കാരണം ഉണ്ടായ ഹാജർക്കുറവ് ചൂണ്ടിക്കാട്ടി കുട്ടികളുടെ പരീക്ഷ മുടക്കുന്നത് അനീതിയെ ഇരട്ടിപ്പിക്കുകയാണ്. മുറിവേറ്റ സ്ഥാപനാഭിമാനത്തിന്റെ പേരിൽ വിദ്യാർഥികളുടെ അധ്യയനവർഷം നഷ്ടപ്പെടുത്തരുതെന്നും, കോടതി വിധിച്ച ബാലൻസ് ഓഫ് കൺവീനിയൻസ് തത്വം സർവകലാശാല മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാളെ കുട്ടികൾ നിരപരാധികളാണെന്ന് തെളിഞ്ഞാൽ അവരുടെ നഷ്ടപ്പെട്ട ഒരു വർഷം തിരികെ നൽകാൻ സർവകലാശാലയ്ക്ക് കഴിയില്ല. അതിനാൽ സർവകലാശാല അപ്പീൽ പിൻവലിച്ച് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കണമെന്നും സംവാദത്തിലൂടെ പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.എം.എസിനെയും ജോൺ എബ്രഹാമിനെയും പോലുള്ള വ്യക്തിത്വങ്ങൾ വിദ്യാർഥി പ്രതിഷേധങ്ങളോട് പുലർത്തിയ സഹിഷ്ണുതയും പക്വതയും ഇന്നത്തെ ഭരണാധികാരികൾ മാതൃകയാക്കണമെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു.

Content Highlight:Student suspension at Kalady University: T.T. Sreekumar urges against retaliatory measures; ban from examinations criticized as a grave injustice.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more