| Wednesday, 17th January 2018, 12:37 pm

വിദ്യാര്‍ത്ഥി ക്ലാസില്‍വെച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; സംഭവം നെഹ്റു ഗ്രൂപ്പിന്റെ കോളജില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള ലോ കോളജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന അധ്യാപകരുടെ നിലപാടില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമം.

പാലക്കാട് സ്വദേശിയായ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് ക്ലാസില്‍വെച്ച് വിഷം കഴിച്ചത്. ഈ വിദ്യാര്‍ഥി ക്ലാസില്‍ നിന്നും പുറത്തുപോകാതെ ക്ലാസെടുക്കില്ലെന്ന് അധ്യാപകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി വിഷം കഴിച്ചത്.

ഒറ്റപ്പാലം ലക്കിടിയിലുള്ള ലോ കോളജില്‍ മൂന്നുമാസം മുമ്പുണ്ടായ ചില പ്രശ്നങ്ങളാണ് സംഭവത്തിന് ആധാരം. ക്ലാസിലിരുന്ന് മദ്യപിച്ചെന്നാരോപിച്ച് ചില വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ വിദ്യാര്‍ഥിയും അക്കൂട്ടത്തിലുണ്ടായിരുന്നു. മൂന്നുമാസമായി വിദ്യാര്‍ഥിയെ ക്ലാസില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല.

ക്ലാസില്‍ കയറണമെന്നാവശ്യപ്പെട്ട് പലതവണ വിദ്യാര്‍ഥി അധികൃതരെ സമീപിച്ചെങ്കിലും അവര്‍ ക്ലാസില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ല. ഇന്നുരാവിലെ ഈ വിദ്യാര്‍ഥി സ്വമേധയാ ക്ലാസില്‍ കയറിയിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥിയോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥി വിഷം കഴിച്ചത്.

വിദ്യാര്‍ത്ഥിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

നേരത്തെ നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള പാമ്പാടിയിലെ കോളജില്‍ വെച്ചാണ് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. ഇതുവലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more