ടൂറിന്: ജോര്ജിയ മെലോണിയുടെ തീവ്ര വലതുപക്ഷ സര്ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്ക്കെതിരെ തെരുവിലിറങ്ങി ആയിരക്കണക്കിന് വിദ്യാര്ഥികള്. ഇറ്റലിയിലെ പ്രധാന നഗരങ്ങളിലെല്ലാം ‘നോ മെലോണി ഡേ’ യില് വിദ്യാര്ഥികള് സര്ക്കാരിനെതിരെ പ്രതിഷേധ പ്രകടനങ്ങള് നടത്തി.
തീവ്ര വലത് പക്ഷമായ ജോര്ജിയ മെലോണിയും അവരുടെ ‘ഫാസിസ്റ്റ്’ സഹോദരന്മാരും ചേര്ന്ന് വിദ്യാര്ഥികളോട് വിവേചനം കാണിക്കുന്നു എന്നാണ് പ്രതിഷേധക്കാര് ആരോപിക്കുന്നത്. ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യും മറ്റ് രണ്ട് രാഷ്ട്രീയ പാര്ട്ടികളും ചേര്ന്ന സഖ്യം സെപ്തംബറില് നടന്ന ഉപതെരഞ്ഞെടുപ്പില് വിജയിച്ച ശേഷം വിദ്യാഭ്യാസ മേഖലയില് വലിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഇറ്റാലിയന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പേര് ‘മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന് ആന്റ് മെരിറ്റ്’ എന്നാക്കുമെന്ന് മെലോണി പ്രഖ്യാപിച്ചിരുന്നു. എന്നാല് സ്കൂളുകളുടെ നിലവാരത്തകര്ച്ചയും കുടിയേറ്റ വിരുദ്ധനയങ്ങളും വിമര്ശനമുയര്ത്തിയിരുന്നു.
വര്ധിപ്പിക്കുന്ന സൈനികച്ചെലവുകള്ക്ക് പകരം പൊതുവിദ്യാഭ്യാസ ഫണ്ടിങ് വര്ധിപ്പിക്കണമെന്നും വിദേശവംശജരായ വിദ്യാര്ഥികള്ക്ക് 30% പരിധി നിശ്ചയിച്ചത് പിന്വലിക്കണമെന്നും പ്രതിഷേധക്കാര് ആവശ്യപ്പെടുന്നു. 2024നെ അപേക്ഷിച്ച് പ്രതിരോധമേഖലയില് 40 ശതമാനത്തോളം വര്ധനവ് ആണ് 2025ല് ഉണ്ടായത്.
എന്നാല് വിദ്യാഭ്യാസ ബജറ്റ് 2024 നും 2025 നും ഇടയില് 4.3 ശതമാനത്തില് നിന്നും 4.1 ശതമാനത്തിലേക്ക് ചുരുങ്ങി.
മുഖ്യ പ്രതിഷേധ കേന്ദ്രമായ ടൂറിനില് പ്രതിഷേധക്കാര് ഇരുപതിലധികം സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധം നടത്തി. യുദ്ധത്തിനല്ല, സ്കൂളുകള്ക്ക് പണം നല്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കെട്ടിടങ്ങളുടെ ചുവരുകളില് വിള്ളല്, പൂപ്പല്, പഴകിയ കെട്ടിടങ്ങള്, ചോര്ച്ചയുള്ള മേല്ക്കൂരകള് തുടങ്ങി സ്കൂളുകളുടെ ശോചനീയാവസ്ഥയും അവര് ചൂണ്ടിക്കാട്ടി.
തലസ്ഥാനമായ റോമില് പ്രതിഷേധിച്ചവര് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാര്ച്ച് നടത്തി. വിദ്യാഭ്യാസമന്ത്രി ജിയുസപ്പെ വല്ദിടാരയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര് ബാരിക്കേഡ് ഭേദിച്ച് മുന്നേറുകയും ചിലര് അറസ്റ്റിലാവുകയും ചെയ്തു.
പല നഗരങ്ങളിലും വിദ്യാര്ഥികള്ക്കൊപ്പം അധ്യാപകരും പ്രതിഷേധത്തില് പങ്കെടുത്തു. പലയിടങ്ങളിലും വിദ്യാര്ഥികള്ക്കും പൊലീസിനും ഇടയില് പ്രതിരോധം തീര്ത്ത് അധ്യാപകര് നിന്നുവെന്ന് റിപ്പോര്ട്ടുകളുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഫ്രാന്സിലും ബെല്ജിയത്തിലുമൊക്കെ കണ്ട വിദ്യാര്ഥി പ്രതിഷേധങ്ങളുടെ പ്രതിഫലനമായാണ് പലരും ഇറ്റലിയിലെ പ്രതിഷേധത്തെയും കാണുന്നത്.
Content Highlight: Student protests in Italy on No Meloni Day.