ഹൈദരാബാദ്: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ (നല്‍സാര്‍) ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായുള്ള ക്ഷണം സ്വീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ചീഫ് ജസ്റ്റിസിനെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ സ്ഥിരീകരണം.
ചീഫ് ജസ്റ്റിസിന്റെ ചില നിലപാടുകളും കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
മുഖ്യാതിഥിയെ തെരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം പരിഗണിക്കണമെന്നും നിലവിലെ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ ആദ്യമായാണ് സര്‍വകലാശാല പ്രതികരണം നടത്തുന്നത്.
‘ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് ക്ഷണം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസ് ക്ഷണം സ്വീകരിച്ചു.,’ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പാറ്റ പരാമര്‍ശത്തെ തുടര്‍ന്നാണ് അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി രൂപം കൊള്ളുന്നത്. പിന്നീട് സി.ജെ.പിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ശക്തമായ പ്രതിഷേധവും നടന്നിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു.
ജൂലൈ 20ന് ജന്തര്‍ മന്ദറില്‍ സമാധാനപരമായി നടന്ന ‘ചലോ സന്‍സദ്’ പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായി പൊലീസ് നടത്തിയ ക്രൂരമായ നടപടിയെക്കുറിച്ചുള്ള ഹരജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചതാണ് എതിര്‍പ്പിന്റെ പ്രധാനകാരണമെന്നു പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുമ്പ് കത്തയച്ചിരുന്നു.
ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇത്തരമൊരു പ്രതികരണം നടത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Student protests dismissed’; Chief Justice accepts invitation to NALSAR University convocation.