| Tuesday, 8th July 2025, 10:36 pm

ഇംഗ്ലണ്ടിനെതിരെ ആ ഇന്ത്യന്‍ താരത്തിന് ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമായിരുന്നു; തുറന്നടിച്ച് ബ്രോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വിയാന്‍ മുള്‍ഡര്‍ ബ്രയാന്‍ ലാറയുടെ റെക്കോഡ് തകര്‍ക്കാതിരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ചാ വിഷയം. 400 റണ്‍സ് എന്ന മാജിക്കല്‍ നമ്പറിന് 23 റണ്‍സ് അകലെ ക്യാപ്റ്റന്‍ കൂടിയായിരുന്ന മുള്‍ഡര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന് ബ്രയാന്‍ ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമായിരുന്നു എന്ന് അഭിപ്രായപ്പെടുകയാണ് ഇംഗ്ലീഷ് ലെജന്‍ഡ് സ്റ്റുവര്‍ട്ട് ബ്രോഡ്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ശുഭ്മന്‍ ഗില്‍ വളരെ മികച്ച പ്രകടനമാണ് നടത്തിയതെന്നും നാലാം നമ്പറിലേക്ക് ബാറ്റിങ് ഓര്‍ഡര്‍ ക്രമീകരിച്ചത് വളരെ മികച്ചതായെന്നും ബ്രോഡ് അഭിപ്രായപ്പെട്ടു. ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മത്സരത്തില്‍ ഇന്ത്യ പത്തില്‍ പത്ത് മാര്‍ക്കും നേടിയെന്ന് എനിക്ക് തോന്നുന്നു. ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ടീം ഏകപക്ഷീയമായ വിജയം നേടുകയാണെങ്കില്‍ എതിര്‍ ടീമിനെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ശുഭ്മന്‍ ഗില്‍ 269 റണ്‍സടിച്ചു, സത്യസന്ധമായി പറയട്ടെ, അവന്‍ ബ്രയാന്‍ ലാറയുടെ റെക്കോഡ് തകര്‍ക്കുമെന്ന് ഞാന്‍ കരുതി. മത്സരത്തില്‍ ഒന്നും തന്നെ ബുദ്ധിമുട്ടിക്കുന്നതായി അവന് തോന്നിയിരുന്നില്ല.

അവന്‍ നാലാം നമ്പറിലേക്ക് മാറിയത് മികച്ചതായി എനിക്ക് തോന്നുന്നു. കരിയറില്‍ അവന്‍ ഓപ്പണറായിരുന്നു. വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നാലെ അവന്‍ നാലാം നമ്പറിലേക്ക് മാറുകയും സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും 150 റണ്‍സും അടിച്ചെടുത്തു. അവന് ഒരു തരത്തിലുമുള്ള ദൗര്‍ബല്യങ്ങളും ഉള്ളതായി തോന്നിയില്ല,’ ബ്രോഡ് പറഞ്ഞു.

മത്സരം സമനിലയിലെത്തിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമായിരുന്നു എന്നും ബ്രോഡ് അഭിപ്രായപ്പെട്ടു. എന്നാല്‍ അതിന് സാധിച്ചില്ല എന്നത് ടീമിനെ നിരാശപ്പെടുത്തിയെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സാണ് വേദി. ലോര്‍ഡ്‌സ് ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ മുമ്പിലെത്താനാണ് ഇരുവരും ശ്രമിക്കുന്നത്.

Content highlight: Stuart Broad says he expects Shubman Gill to break Brian Lara’s record

We use cookies to give you the best possible experience. Learn more