ഐ.പി.എല്‍ 2026 ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ട് രണ്ടാം കിരീടമെന്ന സ്വപ്നം ഗുജറാത്ത് ടൈറ്റന്‍സിന് കൈവിടേണ്ടി വന്നിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി.
ഇപ്പോള്‍ ഫൈനലില്‍ ഗുജറാത്തിന്റെ സമീപനത്തെ കുറിച്ച് വിമര്‍ശിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. സീസണുനടനീളം മൂന്നാം നമ്പറില്‍ കളിച്ചിരുന്ന ജോസ് ബട്‌ലറെ ഫൈനലില്‍ നാലാം നമ്പറില്‍ ഇറക്കിയത് വിചിത്രമാണെന്നും അതൊരു പ്രതിരോധപരമായ നീക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുവർട്ട് ബ്രോഡ്. Photo: Mufaddal Vohra/x.com
പിച്ച് ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാകുമ്പോള്‍ ബട്‌ലര്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ അവസരം കൊടുക്കുക എന്നത് ലക്ഷ്യമിട്ടായിരിക്കാം ഈ നീക്കം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബ്രോഡ്.
‘ടൂര്‍ണമെന്റിലുടനീളം മൂന്നാം നമ്പറിലാണ് ബട്‌ലര്‍ (ജോസ്) ബാറ്റ് ചെയ്തത്. പക്ഷേ, ഫൈനലില്‍ അവനെ നാലാം നമ്പറില്‍ ഇറക്കിയത് എന്നെ അത്ഭുതപ്പെടുത്തി. ഈ തീരുമാനത്തിന്റെ യുക്തി എനിക്ക് മനസിലാവുന്നില്ല. എ.ബി. ഡിവില്ലിയേഴ്‌സ് പറഞ്ഞതുപോലെ ഇതൊരു പ്രതിരോധപരമായ നീക്കമായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ളതിനാല്‍ പന്തുകള്‍ നേരിടാന്‍ ഭയമുള്ളയാളല്ല ബട്‌ലര്‍. എന്നിരിക്കെ അവനെ താഴോട്ട് ഇറക്കിയത് മണ്ടത്തരമാണ്. പിച്ച് ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാകുമ്പോള്‍ അവന് നന്നായി ബാറ്റ് ചെയ്യാന്‍ അവസരം കൊടുക്കുക എന്നതാവും ഈ നീക്കത്തിലൂടെ മാനേജ്മന്റ് ലക്ഷ്യമിട്ടുണ്ടാവുക,’ ബ്രോഡ് പറഞ്ഞു.
ജോസ് ബട്‌ലര്‍.
ഫൈനലില്‍ ഗുജറാത്ത് മൂന്നാം നമ്പര്‍ യുവതാരം നിഷാന്ത് സിന്ധുവിനെയാണ് ഇറക്കിയത്. താരത്തിനോ പിന്നാലെത്തിയ ബട്‌ലര്‍ക്കോ കലാശപ്പോരില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നിഷാന്ത് 18 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ 23 പന്തില്‍ 19 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്.
Content Highlight: Stuart Broad criticizes GT’s sudden change in batting order in IPL 2026 final