കഥയുടെ ഒരുഘട്ടത്തിലും അടുത്ത സീന്‍ എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് യാതൊരു സൂചനയും നല്‍കാതെ 2025ലെ ഏറ്റവും മികച്ച സിനിമാനുഭവമായി മാറിയ ചിത്രമായിരുന്നു എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശ്- ദിന്‍ജിത്ത് അയ്യത്താന്‍- മുജീബ് മജീദ് കോമ്പോ ഒന്നിച്ച എക്കോ കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.
നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒ.ടി.ടിയിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. 1990കളില്‍ കേരള- കര്‍ണാടക അതിര്‍ത്തിയിലെ ഹൈറേഞ്ചിലാണ് എക്കോയുടെ കഥ നടക്കുന്നത്. കുര്യച്ചന്‍ എന്ന പ്ലാന്ററെ അന്വേഷിച്ചെത്തുന്ന ഒരുകൂട്ടം ആളുകളും അവരുടെ ലക്ഷ്യത്തിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആദ്യാവസാനം മിസ്റ്ററി മൂഡ് നിലനിര്‍ത്തിയ ചിത്രത്തിന്റെ അവസാന നാല് മിനിറ്റ് അതിഗംഭീരമാണെന്നാണ് പലരുടെയും അഭിപ്രായം.
വെറുമൊരു മിസ്റ്ററി ത്രില്ലര്‍ എന്നതിലുപരി ശക്തമായ രാഷ്ട്രീയം കൂടി എക്കോ പറഞ്ഞുവെക്കുന്നുണ്ട്. സ്ത്രീകളെ എല്ലാകാലവും അടിമയാക്കി വെക്കണമെന്ന പാട്രിയാര്‍ക്കല്‍ ചിന്തയോട് ഒറ്റക്കൊരു സ്ത്രീ പൊരുതുന്ന കഥയായി എക്കോയെ കണക്കാക്കാം. അടുത്തിടെ കണ്ട ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രമാണ് എക്കോയിലെ മ്ലാത്തി ചേട്ടത്തി.
ജീവിതത്തിലെ നല്ലകാലം മുഴുവന്‍ തന്നെ അടിമയാക്കി വെച്ച കുര്യച്ചനോട് ദേഷ്യവും വെറുപ്പും തോന്നിയ മ്ലാത്തി ചേട്ടത്തി ചെയ്യുന്ന പ്രതികാരം അതിഗംഭീരമാണ്. ഒരുതുള്ളി ചോര പോലും പൊടിയാതെയാണ് മ്ലാത്തി ചേട്ടത്തി തന്റെ പ്രതികാരം പൂര്‍ത്തിയാക്കുന്നത്. ആദ്യ ഭര്‍ത്താവ് മ്ലാത്തിയോട് ചെയ്തത് എന്താണോ അതുതന്നെയാണ് കുര്യനും ചെയ്യുന്നത്.
അതിസുന്ദരിയായ ഭാര്യയെ വീട്ടില്‍ പട്ടികളുടെ സംരക്ഷണത്തിലാണ് ജീവിക്കാന്‍ വിടുന്നത്. എന്നാല്‍ അത് സംരക്ഷണമായിരുന്നില്ല, തന്നെയും പട്ടികളെപ്പോലെ കെട്ടിയിട്ട് വളര്‍ത്തുകയായിരുന്നെന്ന് കുര്യന്‍ പറഞ്ഞ് അറിയുന്ന മ്ലാത്തി/ സോയി തളരുന്നുണ്ട്. തന്നെ രക്ഷിച്ച കുര്യനോട് പിന്നീട് കൂറുള്ളവളായി സോയി മാറുന്നുണ്ട്. എന്നാല്‍ കുര്യന്റെയും ഉദ്ദേശം മ്ലാത്തിയെ ജീവിതകാലം മുഴുവന്‍ തന്റെ നിയന്ത്രണത്തില്‍ വളര്‍ത്തണമെന്നായിരുന്നു.
‘പെണ്ണിനെയും പട്ടിയെയും കെട്ടിയിട്ട് വളര്‍ത്തണം എന്ന് സോയിയുടെ ഭര്‍ത്താവ് സിനിമയുടെ ഒരുഭാഗത്ത് പറയുന്നുണ്ട്. കാലങ്ങളായി പുരുഷമേധാവിത്വ സമൂഹം നടത്തുന്ന, ഇന്നും പലയിടത്തും നടക്കുന്ന കാര്യമാണിത്. കുര്യന്‍ ഒളിവില്‍ പോയതിന് ശേഷം തന്നെ സംരക്ഷിക്കുന്ന പട്ടികളെ മ്ലാത്തി ഒരിക്കല്‍ പോലും കെട്ടിയിടുന്നില്ല.
‘പട്ടിയെ കെട്ടിയിട്ടല്ലേ വളര്‍ത്തുന്നത്’ എന്ന പീയൂസിന്റെ ചോദ്യത്തിന് ‘അതിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ട് വളര്‍ത്തുന്നത് എന്തിനാണെന്ന് മ്ലാത്തി തിരിച്ച് ചോദിക്കുന്നുണ്ട്. ‘ചില സമയത്ത് സംരക്ഷണവും നിയന്ത്രണവും ഒരുപോലെയാണ്’ എന്ന കുര്യന്റെ ഡയലോഗും ചര്‍ച്ചയായി മാറി. സിനിമയുടെ ഒരു ഘട്ടത്തില്‍ സോയിയെ ആശ്വസിപ്പിക്കാന്‍ കുര്യന്‍ പറയുന്ന വാചകം പിന്നീട് അയാള്‍ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്.
താന്‍ വളര്‍ത്തുന്ന പട്ടികള്‍ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ് വളരണമെന്ന മ്ലാത്തിയുടെ ദൃഢനിശ്ചയം സിനിമയിലുടനീളം കാണാന്‍ സാധിക്കും. ആരെങ്കിലും തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ തീര്‍ക്കാന്‍ താന്‍ വളര്‍ത്തുന്ന പട്ടികള്‍ ഉണ്ടെന്ന് മ്ലാത്തി ചേട്ടത്തിക്ക് നല്ല ബോധ്യമുണ്ട്. ഒപ്പം ഒളിവില്‍ പോയ കുര്യനെ തിരിച്ചുവരാന്‍ പട്ടികള്‍ സമ്മതിക്കില്ല എന്ന ഉറപ്പും.
നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പറയുന്ന സ്മൃതികള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ ഒരുകാലത്തും പരിഗണിക്കാത്ത ചില പ്രത്യേക മതക്കാര്‍ക്കും എതിരെയുള്ള സന്ദേശം കൂടിയാണ് എക്കോ. ഇത്രയും ശക്തമായ രാഷ്ട്രീയത്തെ അതിഗംഭീരമായ തിരക്കഥയുടെ രൂപത്തില്‍ അവതരിപ്പിച്ച ബാഹുല്‍ രമേശിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Content Highlight: Strong feminist politics portrayed in Eko Movie