മെക്‌സിക്കോ സിറ്റി: 2026 ലോകകപ്പ് ആവേശം ലോകമെമ്പാടും അലയടിക്കുമ്പോള്‍ ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോയുടെ സ്വകാര്യ വിമാന യാത്രകള്‍ വിവാദത്തിലേക്ക്. വെറും ഏഴ് ദിവസത്തിനുള്ളില്‍ മെക്‌സിക്കോ സിറ്റി, ഗ്വാഡലഹാര, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, വാന്‍കൂവര്‍, സിയാറ്റില്‍, കാന്‍സസ് സിറ്റി, ഹ്യൂസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളിലെ സ്റ്റേഡിയങ്ങളില്‍ നേരിട്ടെത്തി പത്ത് മത്സരങ്ങള്‍ കാണാന്‍ ഫിഫയുടെ ഇറ്റാലോ-സ്വിസ് മേധാവി തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിലെത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
മത്സരങ്ങളുടെ എണ്ണം 64ല്‍ നിന്ന് 104 ആയി ഉയര്‍ന്നതോടെ ഇന്‍ഫാന്റിനോയുടെ ആകാശയാത്രകളുടെ ആവൃത്തിയും കാര്‍ബണ്‍ പുറന്തള്ളലും വന്‍തോതില്‍ വര്‍ധിച്ചതായി പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഖത്തര്‍ എയര്‍വേയ്സിന്റെ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഇന്‍ഫാന്റിനോയുടെ യാത്രകള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അദ്ദേഹം ഈ വിമാനത്തില്‍ മാത്രം 6,00,000 കിലോമീറ്റര്‍ (3,72,822 മൈല്‍) സഞ്ചരിച്ചതായി 2024 സെപ്റ്റംബറില്‍ ഇന്‍വെസ്റ്റിഗേറ്റീവ് മാധ്യമമായ ‘ജോസിമര്‍’ വെളിപ്പെടുത്തിയിരുന്നു.
ജിയോവാനി ഇന്‍ഫാന്റിനോ
ഇന്‍ഫാന്റിനോയുടെ ഇപ്പോഴത്തെ യാത്രകളെക്കുറിച്ച് കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് വിലയിരുത്തുന്ന ഫ്രഞ്ച് കമ്പനിയായ ‘ഗ്രീന്‍ലി’ പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.
ഈ സ്വകാര്യ വിമാനം ഒരു മണിക്കൂര്‍ പറക്കുമ്പോള്‍ പുറന്തള്ളുന്ന കാര്‍ബണ്‍, ശരാശരി ഒരു മനുഷ്യന്‍ ഒരു വര്‍ഷം മുഴുവന്‍ കൊണ്ട് പുറന്തള്ളുന്നതിന് തുല്യമാണെന്നാണ് ഗ്രീന്‍ലി വ്യക്തമാക്കുന്നത്.
റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ കഴിയുന്നതുവരെ ഒരു ദിവസം രണ്ട് നഗരങ്ങള്‍ എന്ന കണക്കിലും, തുടര്‍ന്ന് നടക്കുന്ന അവസാന എട്ട് മത്സരങ്ങളിലും ഇന്‍ഫാന്റിനോ ഇതേ രീതിയില്‍ പങ്കെടുത്താല്‍ ഈ ടൂര്‍ണമെന്റില്‍ നിന്ന് മാത്രം അദ്ദേഹത്തിന്റെ വിമാനം 300 മുതല്‍ 500 ടണ്‍ വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുമെന്നാണ് ഗ്രീന്‍ലി കണക്കാക്കുന്നത്. ഇത് ഏകദേശം 35 മുതല്‍ 55 വരെ ഫ്രഞ്ച് പൗരന്മാരുടെ വാര്‍ഷിക കാര്‍ബണ്‍ ഫൂട്ട്പ്രിന്റിന് തുല്യമാണ്.
വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും ഫിഫ തങ്ങളുടെ പ്രസിഡന്റിന്റെ യാത്രാരീതികളെ ന്യായീകരിക്കുകയാണ്. കാര്യക്ഷമതയും സമയലാഭവും നോക്കിയാണ് എക്‌സിക്യൂട്ടീവുകള്‍ കൊമേഴ്ഷ്യല്‍ ഫ്‌ലൈറ്റുകളോ പ്രൈവറ്റ് ജെറ്റുകളോ തെരഞ്ഞെടുക്കുന്നതെന്നും യാത്രകളുടെ ചെലവ് പൂര്‍ണമായും സംഘടനയാണ് വഹിക്കുന്നതെന്നും ഫിഫ വ്യക്തമാക്കുന്നു.
എന്നാല്‍, ഫിഫയുടേത് ഒരു ‘സുസ്ഥിരതാ വൈരുദ്ധ്യം’ (Sustainability paradox) ആണെന്ന് ലോസാന്‍ സര്‍വകലാശാലയിലെ ഭൂമിശാസ്ത്രജ്ഞനായ ഡേവിഡ് ഗോഗിഷ്വിലി കുറ്റപ്പെടുത്തുന്നു.
‘ഒരു ഭൂഖണ്ഡത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന, നിലവിലുള്ള എന്‍.എഫ്.എല്‍ സ്റ്റേഡിയങ്ങള്‍ വീണ്ടും ഉപയോഗിക്കുക വഴി, ഉയര്‍ന്ന തോതില്‍ മലിനീകരണമുണ്ടാക്കുന്ന വ്യോമയാത്രകളെ പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്ന ഒരു മാതൃകയാണ് ഫിഫ സൃഷ്ടിച്ചിരിക്കുന്നത്.
ഫിഫ നേതൃത്വം തന്നെ സ്വകാര്യ ജെറ്റുകളില്‍ മത്സരങ്ങളില്‍ നിന്ന് മത്സരങ്ങളിലേക്ക് പറന്ന് ഇതിനൊരു മാതൃക കാണിക്കുമ്പോള്‍, അത് വ്യവസ്ഥിതിയുടെ മൊത്തത്തിലുള്ള തകരാറിനെയാണ് പ്രതിഫലിപ്പിക്കുന്നത്,’ അദ്ദേഹം പറയുന്നു.
ഇത്തരം ക്രമീകരണങ്ങള്‍ അമിത യാത്രകളെ സാധാരണവത്കരിക്കുകയും ഇതിന്റെ കാര്‍ബണ്‍ ഭാരവും യാത്രാച്ചെലവും ആതിഥേയ രാജ്യങ്ങളുടെയും ആരാധകരുടെയും തലയില്‍ കെട്ടിവെക്കുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രീന്‍പീസ് യു.എസ്.എ-യുടെ ഓഷ്യന്‍സ് കാമ്പെയ്ന്‍ ഡയറക്ടറായ ജോണ്‍ ഹോസെവാറും ഇന്‍ഫാന്റിനോയുടെ സ്റ്റേഡിയം സന്ദര്‍ശനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു:
ഉയര്‍ന്ന തോതില്‍ മലിനീകരണമുണ്ടാക്കുന്ന സ്വകാര്യ ജെറ്റുകളില്‍ ഉദ്യോഗസ്ഥര്‍ ദിവസേന യാത്ര ചെയ്യുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളെക്കുറിച്ചോ അതിനുള്ള പരിഹാരത്തിന്റെ ഭാഗമാകാനുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചോ ഫിഫയ്ക്ക് ബോധ്യമുണ്ടെന്ന സന്ദേശമല്ല നല്‍കുന്നതെന്നും ഗ്രീന്‍പീസ് കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലും ഇത് ആവര്‍ത്തിക്കുമെന്നത് പരിസ്ഥിതി പ്രവര്‍ത്തകരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്.
ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ സംയുക്തമായി സമര്‍പ്പിച്ച, പൂര്‍ണമായും ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യാവുന്ന ലോകകപ്പ് ബിഡ് തള്ളിക്കളഞ്ഞാണ് ഫിഫ അടുത്ത വനിതാ ലോകകപ്പിനായി ബ്രസീലിനെ തെരഞ്ഞെടുത്തത്.
2030ലെ നൂറാം വാര്‍ഷിക പുരുഷ ലോകകപ്പാകട്ടെ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലും കൂടാതെ തെക്കേ അമേരിക്കയിലെ മൂന്ന് മത്സരങ്ങളിലുമായിട്ടാണ് നടക്കുക. ഇത് ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താനുള്ള സാധ്യതകള്‍ക്കൊപ്പം യാത്രാ മലിനീകരണവും കുത്തനെ കൂട്ടും.
ഫിഫ അധികൃതര്‍ മാത്രമല്ല, ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കാണാനായി വന്‍തോതില്‍ സ്വകാര്യ ജെറ്റുകളെ ആശ്രയിക്കുന്നത് ശതകോടീശ്വരന്മാരും സെലിബ്രിറ്റികളുമാണ്. 2022ലെ ഖത്തര്‍ ലോകകപ്പ് വേളയില്‍ മാത്രം 1,846 സ്വകാര്യ ജെറ്റുകളാണ് എത്തിയത്. സൂപ്പര്‍ ബോള്‍, കാന്‍ ഫിലിം ഫെസ്റ്റിവല്‍, ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറം, കോപ്28 എന്നിവയിലെല്ലാം എത്തിയ ആകെ വിമാനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്.
‘ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്‍ബണ്‍ പുറന്തള്ളലുകളും ആഡംബരത്തിന്റെ ഭാഗമാണ്, അല്ലാതെ നിലനില്‍പ്പിന് അവശ്യമായ ഒന്നല്ല. കാരണം ഈ ടൂര്‍ണമെന്റ് നടന്നില്ലെങ്കിലും മനുഷ്യജീവിതത്തിന് ഒന്നും സംഭവിക്കാനില്ല. ഈ സാഹചര്യത്തില്‍, അതിസമ്പന്നരുടെ ഇത്തരം ധൂര്‍ത്തുകള്‍ അങ്ങേയറ്റം അശ്ലീലവും നിരാശാജനകവുമാണ്,’ എന്നായിരുന്നു അമേരിക്കന്‍ അക്കാദമിക് വിദഗ്ദ്ധനായ ടിം വാല്‍ട്ടേഴ്സ് വിഷയത്തില്‍ പ്രതികരിച്ചത്.
കാലാവസ്ഥാ വ്യതിയാനം കാരണം ആഗോള താപനില ഉയരുകയും ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കായിക മേളകളുടെ ഭാവി പ്രതിസന്ധിയിലാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, ഫിഫ ഇത്തരം ധിക്കാരപരമായ സമീപനങ്ങളില്‍ നിന്ന് പിന്മാറണമെന്നും കായികതാരങ്ങള്‍ ഇതിനെതിരെ കൂടുതല്‍ ശബ്ദമുയര്‍ത്തണമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും ആവശ്യമുയരുന്നത്.
Content Highlight: Strong environmental criticism against FIFA president’s air travel