| Monday, 19th May 2025, 7:30 pm

പേരൂര്‍ക്കടയില്‍ ദളിത് യുവതിയെ സ്റ്റേഷനില്‍ തടഞ്ഞുവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം: കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനില്‍ തടഞ്ഞുവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം എം.എല്‍.എയുമായ കെ.കെ. ശൈലജ.

ദളിത് യുവതിയായ ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തരവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്.

‘പേരൂര്‍ക്കടയിലെ ദളിത് യുവതി ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. എസ്.ഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. രാത്രിയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടുള്ളതല്ല. കേരളാ പൊലീസ് പൊതുവെ അന്തസ്സുറ്റ പൊലീസ് സേനയാണ്. ചില പൊലീസുകാരുടെ ഇത്തരം പെരുമാറ്റമാണ് സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നത്,’ കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി.

വ്യാജപരാതി നല്‍കിയ വീട്ടുകാര്‍ അധ്വാനിച്ച് കുട്ടികളെ പോറ്റാന്‍ കഷ്ടപ്പെടുന്ന ബിന്ദുവിനോട് ക്ഷമ ചോദിക്കണമെന്നും എം.എല്‍.എ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബിന്ദുവിന്റെ കൂടെയുണ്ടാകുമെന്നും എല്ലാവിധത്തിലുള്ള പിന്തുണയുണ്ടാകുമെന്നും എം.എല്‍.എ കെ.കെ. ശൈലജ അറിയിച്ചു.

സംഭവത്തില്‍ എസ്.ഐ. പ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. വീഴ്ച്ചയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു നടപടി. ഏപ്രില്‍ 23നാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്.

നടപടിയില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പ്രതികരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ട് പൊലീസുകാര്‍കൂടി സംഭവത്തില്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായുംബിന്ദു മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് കെ.കെ. ശൈലജയുടെ പ്രതികരണം. നേരത്തെ മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ സ്റ്റേഷനില്‍ തടഞ്ഞ് വെച്ചതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. സംഭവം വിവാദമായതോടെയാണ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തത്.

Content Highlight: Strong action should be taken against the police officers who detained a Dalit woman at the station in Peroorkada: K.K. Shailaja

Latest Stories

We use cookies to give you the best possible experience. Learn more