1999 മെയ് 10ന് ഉല്പാദനം നിര്‍ത്തിയ മാവൂര്‍ ഗ്രാസിം ഫാക്ടറി 2001 ജൂലൈ ഏഴിന് അടച്ചുപൂട്ടിയശേഷം മാനേജ്‌മെന്റ് പൊളിച്ചുനീക്കുകയായിരുന്നു. ഫാക്ടറി കിടന്നിരുന്ന സ്ഥലം ഇന്ന് കാട് പിടിച്ചുകിടക്കുകയാണ്. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ വികസന പദ്ധതികള്‍ക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1959ല്‍ ഇ.എം.എസ് സര്‍ക്കാരിന്റെ ഭരണകാലത്താണ് ഗ്വാളിയര്‍ റയോണ്‍സ് പള്‍പ് ഫാക്ടറിക്ക് വേണ്ടിയും പിന്നീട് ഫൈബര്‍ ഡിവിഷന് വേണ്ടിയും ഫാക്ടറി ആരംഭിച്ചത്. പൊതുജനങ്ങളുടെ കൈവശഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അക്വയര്‍ ചെയ്ത് വ്യവസായം തുടങ്ങുന്നതിനായി ബിര്‍ള ഗ്രൂപ്പിന് കൈമാറുകയായിരുന്നു. കുറച്ച് ഭൂമി കമ്പനി നേരിട്ട് വാങ്ങുകയും ചെയ്തു. അതനുസരിച്ച് 238.41 ഏക്കര്‍ ഭൂമി പാട്ടവും 82 ഏക്കര്‍ ഭൂമി ഫ്രീ ഹോള്‍ഡുമാണ്.
ഫാക്ടറി പൂട്ടിയ കാലത്ത് ഇവിടെ പുതിയ വ്യവസായം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പതിമൂന്ന് വര്‍ഷമായിട്ടും വ്യവസായം തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. ഗ്രാസിം മാനേജ്‌മെന്റ് വ്യവസായം നിര്‍ത്തിയതിനാല്‍ ജനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി സര്‍ക്കാരിന് തിരിച്ചുനല്‍കി നാടിന്റെ വികസനത്തിനായുള്ള പദ്ധതികള്‍ സാധ്യമാക്കുക എന്ന ആവശ്യവുമായാണ് ജനകീയ സമരമൊരുങ്ങുന്നത്.