പുത്തന്‍കുരിശ്: നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദളിത് ഭൂ അവകാശ സമരമുന്നണി 10 മാസത്തോളമായി നടത്തി വരുന്ന സമരം പുതിയ സാഹചര്യത്തില്‍ ശക്തമാക്കി. കയ്യേറ്റത്തിനെതിരെ സമരസമിതി നിരാഹാരസമരം ആരംഭിച്ചു. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിനടുത്തുള്ള ചൂണ്ടിയിലാണ് സമരം നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദളിതര്‍ക്ക് പതിച്ചു നല്‍കപ്പെട്ട ഭൂമിയാണ് എന്‍.എസ്.എസ് കയ്യേറാന്‍ ശ്രമിക്കുന്നത് എന്ന് സമരമുന്നണി പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
10 മാസങ്ങളോളമായി എന്‍.എസ്.എസിന്റെ കയ്യേറ്റ ശ്രമങ്ങള്‍ക്കെതിരെ ഇവിടെ സമരം നടക്കുന്നുണ്ട്. സമീപമുള്ള ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ എന്‍.എസ്.എസിന്റെ പരാതി പ്രകാരം സമരപ്പന്തല്‍ അഴിച്ചു മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് നിരാഹാരസമരം ആരംഭിക്കാനുള്ള കാരണം. മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ ശ്രദ്ധിക്കാതിരുന്ന ഈ ദളിത് സമരം തങ്ങളുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്ന് സമരക്കാര്‍ പറയുന്നു. ഇന്നലെ രാവിലെയാണ് നിരാഹാരസമരം ആരംഭിച്ചത്.
ചരിത്രം
വടയമ്പാടി ദളിത് കോളനിയ്ക്ക് സമീപമുള്ള 95 സെന്റ് സ്ഥലമാണ് എന്‍.എസ്.എസ് കയ്യേറാന്‍ ശ്രമിക്കുന്നത്. ഈ സ്ഥലം 1969-ല്‍ ദളിത് കുടുംബങ്ങള്‍ക്കായി പതിച്ചു കൊടുത്തതാണ്. 150 ഓളം ദളിത് കുടുംബങ്ങളാണ് ഈ സ്ഥലത്തിന് ചുറ്റുമായി താമസിക്കുന്നത്. ദളിത് വിഭാഗത്തില്‍ പെട്ടവരുടെ പൊതു ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചതാണ് ഈ സ്ഥലം. വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ നടക്കുന്ന ഈ സ്ഥലം തന്നെയാണ് ഇവിടെയുള്ള കുട്ടികളുടെ കളിസ്ഥലവും. തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഇവിടുത്തുകാര്‍ ഈ സ്ഥലമാണ് ഉപയോഗിക്കുന്നത് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല.
ഇത് ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് സ്ഥാപിച്ചാണ് എന്‍.എസ്.എസ് കയ്യേറാന്‍ ശ്രമിക്കുന്നത്. 1981-ല്‍ എന്‍.എസ്.എസ് ഈ ഭൂമിയ്ക്ക് പട്ടയമുണ്ടാക്കി. എന്നാല്‍ വിവരാവകാശരേഖയിലൂടെ ഉള്‍പ്പെടെ നിയമപരമായി നടത്തിയ അന്വേഷണങ്ങളില്‍ ഇതിനെ സാധൂകരിക്കുന്ന ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇല്ലെന്നാണ് അറിഞ്ഞതെന്ന് സമരസമിതി പറയുന്നു. ഇപ്പോഴും രേഖകളില്‍ ഇത് പുറമ്പോക്ക് ഭൂമിയായാണ് കാണിക്കുന്നത്.
സമീപത്തുള്ള 1 ഏക്കര്‍ 17 സെന്റ് സ്ഥലത്താണ് ഭജനമഠം ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇവിടെ ഭജന നടത്തുമായിരുന്നു. അങ്ങിനെയാണ് ഭജനമഠം എന്ന പേര് ലഭിച്ചത്. ഈ വ്യക്തിയ്ക്ക് അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ മരണശേഷം ഈ സ്ഥലം എന്‍.എസ്.എസ്സിന്റെ കൈവശമെത്തുകയായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് ഈ സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നത്. കുറേക്കാലത്തോളം ക്ഷേത്രം അവഗണിക്കപ്പെട്ട് അനാഥമായി കിടക്കുകയായിരുന്നു. ദളിത് കോളനിയിലുള്ളവരാണ് പിന്നീട് ക്ഷേത്രം നോക്കിനടത്തിയത്.
നാല് വര്‍ഷത്തോളം ഇവര്‍ തന്നെയാണ് ക്ഷേത്രത്തിലെ ഉത്സവം നടത്തിയത്. പ്രദേശവാസികളില്‍ നിന്ന് പിരിവെടുത്ത് ഉത്സവം നടത്തിയപ്പോഴൊന്നും എന്‍.എസ്.എസ് പരിസരത്തു പോലും വന്നിരുന്നില്ല. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ എന്‍.എസ്.എസ് ദളിത് വിഭാഗത്തില്‍ പെട്ടവരെ ക്ഷേത്ര നടത്തിപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഉത്സവാഘോഷകമ്മിറ്റിയില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം എന്‍.എസ്.എസ് പരിഗണിക്കുക പോലും ചെയ്തില്ല. ഈ സ്ഥിതി തുടരുമ്പോഴാണ് സമീപമുള്ള ദളിതുകളുടെ ഭൂമി കയ്യേറാനുള്ള ശ്രമവുമായി എന്‍.എസ്.എസ് എത്തിയത്. ദളിത് ജനങ്ങള്‍ ആരാധന നടത്തുന്ന “പതി” ഇവര്‍ നശിപ്പിച്ചുവെന്ന് സമിതി ആരോപിക്കുന്നു.
എന്‍.എസ്.എസ്സിന്റെ കയ്യേറ്റം
വടയമ്പാടി കോളനി മൈതാനം കൂടി ഉള്‍പ്പെടുത്തി ക്ഷേത്രത്തിന് ചുറ്റുമതില്‍ നിര്‍മ്മിച്ചുകൊണ്ടാണ് കയ്യേറ്റത്തിന് എന്‍.എസ്.എസ് ശ്രമിച്ചത്. എന്നാല്‍ 2017-ല്‍ നടന്ന ഈ മതില്‍ നിര്‍മ്മാണം പ്രദശവാസികള്‍ തടഞ്ഞു. മതില്‍ നിര്‍മ്മാണം തടഞ്ഞ ജനങ്ങളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. 29 പേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ നിന്നുള്ള ഉത്തരവോടെ മതില്‍ നിര്‍മ്മാണം പുനരാരംഭിച്ചു.
എന്നാല്‍ പട്ടയത്തില്‍ പറയുന്ന വ്യവസ്ഥ പ്രകാരം ഈ സ്ഥലത്ത് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും നടത്താന്‍ പാടില്ല. ഇതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് എന്‍.എസ്.എസ് അനുകൂല ഉത്തരവ് നേടിയത് എന്ന് സമരസമിതി ആരോപിക്കുന്നു. ജനങ്ങളുടെ ആവശ്യം ചെവിക്കൊള്ളാതെ പൊലീസ് സംരക്ഷണയിലാണ് പിന്നീട് മതില്‍ നിര്‍മ്മാണം നടന്നത്.
തുടര്‍ന്നാണ് സമരം ആരംഭിച്ചത്. റിലേ നിരാഹാരമായാണ് സമരം ആരംഭിച്ചത്. സമരം തുടങ്ങി 37-ാം ദിവസം മതില്‍ പൊളിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നടക്കുകയാണ്. പിന്നീട് കളക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സമിതി നടത്തി. തുടര്‍ന്ന് റവന്യൂ സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. എ.ഡി.എമ്മിനെ കൊണ്ട് സമര സമിതിയ്ക്ക് പ്രതികൂലമായ റിപ്പോര്‍ട്ടാണ് കളക്ടര്‍ കൊടുപ്പിച്ചത്.
എന്നാല്‍ ഇതിനെതിരെ ശക്തമായ സമരത്തെ തുടര്‍ന്ന് വീണ്ടുമെത്തിയ കളക്ടര്‍ സ്ഥലം അളക്കാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ഉറപ്പു നല്‍കി. ഈ ഉറപ്പിനെ തുടര്‍ന്ന് സമരസമിതി പ്രത്യക്ഷ സമരപരിപാടികള്‍ നിര്‍ത്തി വെച്ചു. എന്നാല്‍ രാത്രിയില്‍ സമരപ്പന്തല്‍ കത്തിക്കുകയാണ് എന്‍.എസ്.എസ് ചെയ്തത്. ഇതിനെതിരെ നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കും റവന്യൂ അധികൃതര്‍ക്കും ഒരുലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കാനായി ഒപ്പു ശേഖരണം നടത്തി. ദളിത് ചിന്തകനായ സണ്ണി. എം കപിക്കാടാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തത്.
നിലവിലെ സ്ഥിതി
ക്ഷേത്രത്തില്‍ അടുത്ത ദിവസം ഉത്സവം ആരംഭിക്കാനിരിക്കുകയാണ്. ക്ഷേത്രത്തിന്റെ വഴിയിലാണ് സമരപ്പന്തലെന്നും അതിനാല്‍ അത് നീക്കം ചെയ്യണമെന്നുമാണ് ഇപ്പോള്‍ എന്‍.എസ്.എസ്സിന്റെ ആവശ്യം. ഇത് ഉന്നയിച്ച് എന്‍.എസ്.എസ് പൊലീസില്‍ പരാതി നല്‍കി. 24 മണിക്കൂറിനുള്ളില്‍ പന്തല്‍ നീക്കം ചെയ്യണമെന്ന് പൊലീസ് സമരസമിതിയ്ക്ക് അറിയിപ്പ് നല്‍കി.
നാളിതുവരെ ഉത്സവത്തിന് മൈതാനത്തിലേക്ക് കടക്കാന്‍ പ്രത്യേക വഴി ഇല്ലായിരുന്നുവെന്നും മതില്‍ കെട്ടി മൈതാനത്തേക്കുള്ള പ്രവേശനം തടഞ്ഞവര്‍ തന്നെ സമരപ്പന്തല്‍ പൊളിച്ച് പുതിയ കവാടം ഉണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും സമരസമിതി പറയുന്നു.
പന്തല്‍ നീക്കം ചെയ്യില്ലെന്നും അത് എന്തുകൊണ്ടാണെന്നും വിശദമാക്കിയുള്ള മറുപടിയാണ് 24 മണിക്കൂറിനുള്ളില്‍ പൊലീസിന് സമരസമിതി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞദിവസം എ.ഡി.എം, ആര്‍.ഡി.ഒ, വില്ലേജ് ഓഫീസര്‍, പൊലീസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും എന്‍.എസ്.എസ്സിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു.
എന്നാല്‍ തങ്ങളുന്നയിച്ച ഒരു പ്രശ്നത്തിനും പരിഹാരം കാണാത്ത സാഹചര്യത്തില്‍ പന്തല്‍ പൊളിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ സമരസമിതി ഉറച്ചു നിന്നു. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരമെന്ന കടുത്ത സമരരൂപത്തിലേക്ക് സമിതി നീങ്ങിയത്. അരുണ്‍ ചെല്ലപ്പന്‍, രാമകൃഷ്ണന്‍ പൂതേത്ത് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. കേരള ദലിതു മഹാസഭാ അധ്യക്ഷന്‍ സി.എസ് മുരളിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.
പൊലീസ് ബലം പ്രയോഗിച്ച് പന്തല്‍ പൊളിക്കാനായി എത്തുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് സമരസമിതി പറയുന്നു. എന്നാല്‍ മരിക്കേണ്ടി വന്നാലും സമരപ്പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യവും അവര്‍ പ്രകടിപ്പിക്കുന്നു.
കയ്യേറ്റത്തിനു പിന്നിലെ ലക്ഷ്യം
സ്ഥലപരിമിതിയുടെ പ്രശ്നങ്ങള്‍ കഠിനമായി അനുഭവിക്കുന്നവരാണ് കോളനിവാസികള്‍. മൃതദേഹം സംസ്‌കരിക്കാന്‍ വീടിന്റെ അടുക്കള പൊളിക്കേണ്ടിവന്ന സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വടയമ്പാടി കോളനി മൈതാനം നഷ്ടപ്പെടുക എന്നത് ഇവിടുത്തുകാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
ഈ സ്ഥലം സ്വന്തമാക്കുന്നതിനു പിന്നില്‍ എന്‍.എസ്.എസ്സിന് വാണിജ്യതാല്‍പ്പര്യമുണ്ടെന്നാണ് സമരസമിതി പറയുന്നത്. സ്ഥലത്തിന്റെ മൂന്നു ഭാഗത്തും റോഡാണ്. വിപണിവിലയനുസരിച്ച് നാല് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലമാണ് ഇത്. ഭാവിയില്‍ ഇവിടെ കല്യാണമണ്ഡപമോ ഓഡിറ്റോറിയമോ നിര്‍മ്മിക്കുകയാണെങ്കില്‍ ഇവിടെയുള്ള സാധാരണക്കാരായ ദളിതര്‍ കല്യാണം നടത്താനും മറ്റും പണം നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്നും ഇവിടുത്തുകാര്‍ സംശയിക്കുന്നു. കൂടാതെ ദളിതുകളോടുള്ള ജാതിവിവേചനവും ഇതിന് കാരണമാണെന്ന് അവര്‍ പറയുന്നു.
ഈ പ്രദേശത്തുള്ളവര്‍ കാലങ്ങളായി മൈതാനത്ത് നടത്തുന്ന “ദേശവിളക്ക്” ഉത്സവം കഴിഞ്ഞ വര്‍ഷം ഇവിടെ നടത്താന്‍ സാധിച്ചില്ല. തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന കളക്ടറുടെ ഉത്തരവിന്റെ പേരു പറഞ്ഞ് ജില്ലാ ഭരണാധികാരികളുടെ ഒത്താശയോടെ പൊലീസ് മൈതാനത്ത് ദേശവിളക്ക് നടത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കേരള പുലയ മഹാസഭയുടെ (കെ.പി.എം.എസ്) ഓഫീസിന് മുന്നിലാണ് ഇവര്‍ ദേശവിളക്ക് നടത്തിയത്.
അധികൃതരുടേയും പൊലീസിന്റേയും സമീപനം സവര്‍ണ്ണ പക്ഷപാതിത്വമാണെന്ന് സമരസമിതി ആരോപിക്കുന്നു. പതിറ്റാണ്ടുകളായി ഇവിടെയുള്ളവര്‍ സ്വതന്ത്രമായി ഈ സ്ഥലം ഉപയോഗിച്ചു വരികയായിരുന്നു. തങ്ങളുടെ അവകാശമായ ഈ 95 സെന്റ് സ്ഥലത്തിനു വേണ്ടി മരണം വരെ സമരം ചെയ്യുമെന്നാണ് സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങള്‍ ക്ഷേത്രോത്സവത്തിന് എതിരല്ലെന്ന് വ്യക്തമാക്കുന്ന ഇവര്‍ മുഴുവന്‍ പുരോഗമന ജനാധിപത്യ കേരള മനസ്സാക്ഷിയും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. പൊലീസും ഉദ്യോഗസ്ഥരുള്‍പ്പെടെ മറുവശത്താണെങ്കിലും അതിനെയെല്ലാം പരാജയപ്പെടുത്താന്‍ തങ്ങളുടെ സമരവീര്യത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍. എന്‍.എസ്.എസ്സിന്റെ വ്യാജപട്ടയം റദ്ദാക്കുന്നതു വരെ വടയമ്പാടിയിലെ കോളനി മൈതാനം സര്‍വ്വ സ്വതന്ത്രയായി മുഴുവന്‍ ജനതക്കും ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതു വരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് സമരസമിതി വ്യക്തമാക്കുന്നു.