| Monday, 25th May 2026, 8:06 am

മലയാള സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിലക്ക്; ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പുതിയ പെരുമാറ്റച്ചട്ടം

ആദര്‍ശ് എം.കെ.

മലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശപ്രകാരം സര്‍വകലാശാല അധികൃതര്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി.

പുതിയ ചട്ടമനുസരിച്ച് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കും. കൂടാതെ, ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളിക്കുന്നതിനും വിലക്കുണ്ട്.

അനധികൃതമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നു.

സര്‍വകലാശാലയുടെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് (മെയ് 25) രാവിലെ 9.30ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.

സര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും എസ്.എഫ്.ഐ പ്രതിഷേധിക്കുന്നുണ്ട്.

ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉയര്‍ത്തിയത്. ഗവര്‍ണര്‍ ‘തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന്’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിദ്യാഭ്യാസ മേഖലയെ അപ്പാടെ വിഴുങ്ങാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണിതെന്നും മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായ സര്‍വകലാശാലകളെ വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ അയച്ച ഉത്തരവ് അതീവ ഗുരുതരമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Strict restrictions on political activities at Thunchathezhuthachhan Malayalam University.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more