ചെന്നൈ: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്ധവിശ്വാസം പ്രോത്സാഹിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
കെട്ടുകഥകളിലോ അശാസ്ത്രീയ ആചാരങ്ങളിലോ അല്ല, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്തരവ് ലംഘിച്ചാല്‍ സര്‍ക്കാരിന്റെ പ്രതികരണം കഠിനമായിരിക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. ഉത്തരവ് നടപ്പിലാക്കാന്‍ സര്‍വകലാശാല മേധാവികള്‍ക്ക് സ്റ്റാലിന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അന്ധവിശ്വാസങ്ങളില്‍ നിന്ന് ക്യാമ്പസുകളെ സംരക്ഷിക്കാന്‍ സര്‍വകലാശാല വി.സിമാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.
‘മോഷ്ടിക്കാന്‍ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസം മാത്രമാണ്. പെട്ടെന്ന് വിജയിക്കാം, ജീവിതം സുരക്ഷിതമാക്കാം തുടങ്ങിയ വ്യാജ വാഗ്ദാനങ്ങളില്‍ പെട്ടുപോകരുത്. ആഗോളതലത്തില്‍ മത്സരിക്കാന്‍ യുവാക്കള്‍ തയ്യാറെടുക്കണം. അതിനുള്ള താക്കോലാണ് വിദ്യാഭ്യാസം. ലോകം വളരെ വലുതാണ്,’ എം.കെ. സ്റ്റാലിന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരെ ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.
സോഷ്യല്‍ മീഡിയയില്‍ റോള്‍ മോഡലുകളെ തിരയരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ സ്റ്റാലിന്‍, നിങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്‌നോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ നൂതന മേഖലകളില്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എച്ച്.ഡി സ്‌കോളേഴ്സുള്ളത് തമിഴ്നാട്ടിലാണെന്നും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മള്‍ വളരെ മുന്നിലാണെന്നും സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ ഈ മികവുകള്‍ ആഗോള നിലവാരത്തോട് ചേര്‍ത്തുനിര്‍ത്താന്‍ നമ്മള്‍ നിരന്തരം ശ്രമിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
അക്കാദമിക് സമഗ്രത ഉറപ്പാക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിക്ക് അനുമതി നല്‍കിയതായും സ്റ്റാലിന്‍ അറിയിച്ചു. കോടതി വിധിയെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്.
Content Highlight: ‘Strict action will be taken against educational institutions if they spread superstition’; MK Stalin warns