ന്യൂദല്‍ഹി: എല്ലാ തെരുവുനായ ആക്രമണങ്ങളിലും ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങളിലും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഭീമമായ നഷ്ടപരിഹാരം ഈടാക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കി സുപ്രീം കോടതി.
നായകളുടെ ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന ആജീവനാന്തം നിലനില്‍ക്കുന്ന ആഘാതങ്ങള്‍ക്ക് നായകളുടെ ഉടമകളും ഉത്തരവാദിയാണെന്നും കോടതി പറഞ്ഞു. തെരുവുനായകളെ അലഞ്ഞുതിരിഞ്ഞു നടക്കാനും കടിക്കാനുമായി അഴിച്ചുവിട്ടതെന്തിനെന്നും കോടതി ചോദിച്ചു.
എല്ലാ തെരുവുനായ ആക്രമണങ്ങള്‍ക്കും മരണങ്ങള്‍ക്കും ആവശ്യമായ ചട്ടങ്ങള്‍ നിര്‍മിക്കാത്ത സംസ്ഥാനങ്ങള്‍ക്കുമുകളില്‍ ഭീമമായ നഷ്ടപരിഹാരം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ചില കേസുകളില്‍ നായകളുടെ ഉടമകളെ ഉത്തരവാദിയാക്കേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചു.
‘നിങ്ങള്‍ നിങ്ങളുടെ നായകളെ വീട്ടില്‍ കൊണ്ടുപോവുക, വീട്ടില്‍ വളര്‍ത്തുക, എന്തിനു നിങ്ങള്‍ അതിനെ തെരുവില്‍ അലയാനും കടിക്കാനും ആളുകളുടെ പിറകേയോടാനും വിടുന്നു? നായകളുടെ ആക്രമണം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ കോടതി പറഞ്ഞു
നായകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയോട് വളര്‍ത്തുന്ന നായയുടെ കടിയേറ്റു മരണമടഞ്ഞ ഒന്‍പതു വയസ്സുള്ള കുട്ടിയുടെ മരണത്തിനു ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.
വലിയരീതിയില്‍ തെരുവുനായ ആക്രമണങള്‍ നടക്കുന്ന കേരളത്തില്‍ സുപ്രീം കോടതിയുടെ താക്കീതുകള്‍ ഏറെ പ്രസക്തമാണ്. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കേരളത്തില്‍ 2,49,860 പേരെയാണ് തെരുവുനായ ആക്രമിച്ചത്. 17 മരണങ്ങളുമുണ്ടായി. അതില്‍ പകുതിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു.
മുന്‍ വര്‍ഷത്തെ 3.16 ലക്ഷം തെരുവുനായ അക്രമണങ്ങളെക്കാളും കുറവാണെങ്കിലും ഇതുയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. കഴിഞ്ഞ ഒക്ടോബറില്‍ തെരുവുനായ ആക്രമണങ്ങള്‍ക്കെതിരെ നാടകമവതരിപ്പിച്ച കലാകാരനുനേരെ തെരുവുനായ ആക്രമണം ഉണ്ടായതും ഏറെ ചര്‍ച്ചയായിരുന്നു.
Content Highlight: stray dogs Supreme Court warning on states