| Wednesday, 16th July 2025, 4:10 pm

തെരുവുനായ്ക്കളെ ദയാവധം നടത്താം; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ പ്രശ്‌നത്തില്‍ നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. അസുഖം ബാധിച്ചതോ, രോഗം പടര്‍ത്താന്‍ സാധ്യതയുള്ളതോ ആയ നായകളെ ദയാവധത്തിന് വിധേയമാക്കാം. വെറ്റിനറി സര്‍ജന്റിന്റെ നിര്‍ദേശ പ്രകാരം ദയാവധം നടപ്പിലാക്കാമെന്നും കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് ദയാവധത്തിന് നായ്ക്കളെ വിധേയമാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്തമായ യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനം. സി.ആര്‍.പി.സി 107 പ്രകാരവും ഐ.പി.സി 186 പ്രകാരവുമാണ് നായകളെ ദയാവധം ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.

വെറ്റിനറി സര്‍ജന്റിന്റെ നിര്‍ദേശപ്രകാരം മാത്രമായിരിക്കും ദയാവധം നടപ്പിലാക്കുന്നത്. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് ആളുകള്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായകമായ ഇടപെടല്‍.

ഏതെങ്കിലും മൃഗത്തിന് രോഗം പടര്‍ത്താന്‍ കഴിയുന്ന തരത്തില്‍ അസുഖമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ബോധ്യപ്പെട്ടാല്‍, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കാമെന്ന് 2023ലെ ആനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസ് ആന്‍ഡ് പ്രോസീജ്യര്‍ റൂളില്‍ അനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Content highlight: Stray dogs can be euthanized; Government takes crucial decision

We use cookies to give you the best possible experience. Learn more