| Thursday, 17th September 2026, 5:19 pm

തെരുവ് നായ ശല്യം; പരാതി നല്‍കിയിട്ടും പരിഹാരമില്ല: മഹാരാഷ്ട്രയില്‍ ഉദ്യോഗസ്ഥരുടെ മേശപ്പുറത്തേക്ക് നായ്ക്കളെ തുറന്ന് വിട്ട് യുവസേനയുടെ പ്രതിഷേധം

നിഷാന. വി.വി

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ തെരുവ് നായ ശല്യത്തിനെതിരെ വന്‍ പ്രതിഷേധം. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത മുന്‍സിപാലിറ്റി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ യുവസേന (യു.ബി.ടി)യാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നിഫാദ് നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസര്‍ ധീരജ് ഭാംരയുടെ ഓഫീസിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മേശപുറത്തേക്ക് നായ്ക്കളെ തുറന്ന് വിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. യുവസേന ജില്ലാ അധ്യക്ഷന്‍ വിക്രം രാന്ധവെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

നാല് നായ്ക്കളെ ചാക്കില്‍ കെട്ടി കൊണ്ട് വന്ന് ചീഫ് ഓഫീസറുടെ മേശപ്പുറത്തേക്ക് ഇറക്കി വിടുകയായിരുന്നു. ആറ് മാസത്തോളമായി പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും കാണിച്ചായിരുന്നു പ്രതിഷേധം.

ചെറിയ കുട്ടികള്‍ക്കടക്കം കടിയേറ്റിട്ടുണ്ടെന്നും ആളുകളെ തെരുവ് നായ്ക്കള്‍ ഓടിക്കുകയാണെന്നും യു.ബി.ടി നേതാവ് പറഞ്ഞു. പഞ്ചായത്ത് ചീഫ് ഓഫീസര്‍ ടെന്‍ഡര്‍ പ്രവര്‍ത്തികളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാന്ധവെ പറഞ്ഞു.

ഇത് ചൂണ്ടിക്കാണിച്ച് 20 രൂപ നോട്ടിന്റെ മാലയുണ്ടാക്കി ഓഫീസറുടെ കഴുത്തിലിടാനും യു.ബി.ടി പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രശ്‌നത്തിന് ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ കൂടുതല്‍ നായ്ക്കളെ ഓഫീസിലേക്ക് തുറന്ന് വിടുമെന്ന മുന്നറിയിപ്പും പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്.

Content Highlight: Stray dog ​​menace; no solution despite complaints: Yuva Sena protests in Maharashtra by releasing dogs onto officials’ desks.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more