ന്യൂദൽഹി: തെരുവ് നായ പ്രശ്നത്തിൽ സത്യവാങ് മൂലം സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ച് സുപ്രീം കോടതി. എല്ലാ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന നിർദേശം നൽകി. പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അടുത്ത തിങ്കളാഴ്ച ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാകണമെന്നും അറിയിച്ചു.
കഴിഞ്ഞ തവണ ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിരുന്നു. ദൽഹിയിലെ തെരുവുനായ പ്രശ്നത്തിൽ നായകളെ പിടികൂടി കൂട്ടിലടക്കണമെന്ന നിർദേശം നേരത്തെ തന്നെ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാൽ രാജ്യ വ്യാപകമായി തെരുവ് നായ പ്രശ്‌നമുണ്ടെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് സുപ്രീം കോടതി ഈ വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്.
ഇതിൽ ഒരു ദേശീയ നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ചീഫ് സെക്രട്ടറിമാർക്കും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിൽ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
Content Highlight: Stray dog issue; Supreme Court summons Chief Secretaries for not submitting affidavits