| Monday, 15th December 2025, 9:56 pm

ഇലവനും ടീമും സ്‌ട്രോങ്ങാ... ട്രിപ്പിള്‍ സ്‌ട്രോങ്, ഞെരിപ്പന്‍ ട്രെയ്‌ലറുമായി സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് സീസണ്‍ ഫൈവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്തും സംഭവിക്കുമെന്ന സൂചനയോടെയാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അഞ്ചാം സീസണിന്റെ ആദ്യഭാഗം അവസാനിച്ചത്. അപ്പ്‌സൈഡ് ഡൗണിലെ നിഗൂഢതകള്‍ കണ്ടുപിടിക്കുന്ന ഇലവനും ഹോക്കിന്‍സിലെത്തിയ ഡെമോഗോര്‍ഡനെ ഇല്ലാതാക്കുന്ന വില്ലും രോമാഞ്ചത്തിന്റെ അങ്ങേയറ്റമാണ് സമ്മാനിച്ചത്. ഒപ്പം മുന്‍ സീസണിലെ മാക്‌സും മായയും തിരിച്ചെത്തിയതും രോമാഞ്ചം ഇരട്ടിയാക്കി.

ഇപ്പോഴിതാ അഞ്ചാം സീസണിന്റെ അടുത്ത ഭാഗത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യഭാഗം എവിടെ നിര്‍ത്തിയോ അവിടുന്ന് അടുത്ത ഭാഗം തുടങ്ങുമെന്നാണ് സീസണ്‍ 2 സൂചന നല്കുന്നത്. ശക്തനായ വില്ലനെതിരെ എല്ലാവരും ഒന്നിച്ച് പോരാടാനിറങ്ങുന്നത് ട്രെയ്‌ലറില്‍ കാണാനാകും.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ട്രെയ്‌ലര്‍ Photo: Screen grab/ Netflix

ഇലവനും മായയും ഹോപ്പറിന്റെ സഹായത്തോടെ വെക്‌നയെ എതിരിടാന്‍ ശ്രമിക്കുന്നത് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. അപ്പ്‌സൈഡ് ഡൗണിലെത്തിയ സ്റ്റീവും സംഘവും പുതിയ ചില കാര്യങ്ങള്‍ കണ്ടുപിടിക്കുന്നുണ്ടെന്നും ട്രെയ്‌ലറില്‍ ദൃശ്യമാണ്. തന്റെ പുതിയ കഴിവ് തിരിച്ചറിയുന്ന വില്‍ അതിനെ എങ്ങനെ ഉപയോഗിക്കുമെന്നതാണ് ട്രെയ്‌ലറില്‍ ഒളിപ്പിച്ചുവെച്ച ഘടകം.

മാക്‌സും ഹോളിയും വെക്‌നയുടെ സ്വപ്‌നലോകത്ത് നിന്ന് രക്ഷപ്പെടുമോ ഇല്ലയോ എന്നതും അടുത്ത ഭാഗത്തില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഹോക്കിന്‍സ് നഗരത്തെ നിയന്ത്രിക്കുന്ന മിലിട്ടറിക്കെതിരെ നാന്‍സിയും സംഘവും പോരാടുന്നതും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. അവസാന സീസണില്‍ ആരാധകര്‍ക്ക് അങ്ങേയറ്റം രോമാഞ്ചം സമ്മാനിക്കാനാണ് ഡഫര്‍ ബ്രദേഴ്‌സ് ലക്ഷ്യമിടുന്നത്.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ട്രെയ്‌ലര്‍ Photo: Screen grab/ Netflix

നാല് എപ്പിസോഡുകളാണ് അഞ്ചാം സീസണില്‍ ഇതുവരെ പുറത്തിറങ്ങിയത്. നാല് എപ്പിസോഡുകള്‍ ക്രിസ്മസ് ഈവിന് പുറത്തിറങ്ങും. അവസാന എപ്പിസോഡ് ന്യൂ ഇയര്‍ ഈവിനും പുറത്തുവിടും. സിരീസ് ചരിത്രത്തിലെ പല റെക്കോഡുകളും സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

അഞ്ചാം സീസണിലെ നാലാം എപ്പിസോഡിന് റെക്കോഡ് റേറ്റിങ്ങാണ് ലഭിച്ചത്. സോഴ്‌സറര്‍ എന്ന് പേരിട്ട നാലാം എപ്പിസോഡിന് 9.8 റേറ്റിങ്ങാണ് നാലം എപ്പിസോഡ് നേടിയത്. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകള്‍ ഇതിലുമുയര്‍ന്ന റേറ്റിങ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തുവര്‍ഷം നീണ്ടുനിന്ന യാത്രക്കാണ് ഡിസംബര്‍ 31ന് തിരശ്ശീല വീഴുന്നത്. ഹോക്കിന്‍സിലെ കാഴ്ചകള്‍ എന്തൊക്കയാണെന്നറിയാന്‍ സിരീസ് പ്രേമികള്‍ കാത്തിരിക്കുകയാണ്.

Content Highlight: Stranger Things season Five vol 2 trailer out now

We use cookies to give you the best possible experience. Learn more