| Thursday, 30th October 2025, 3:22 pm

റിലീസിന് മുമ്പ് ലീക്കായി സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ട്രെയ്‌ലര്‍, മനപൂര്‍വം ചെയ്തതാണോയെന്ന് ചോദ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിസ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയ്‌ലര്‍, റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലീക്കായതാണ് ഏറ്റവും പുതിയ വാര്‍ത്ത. എവിടെ നിന്നാണ് ട്രെയ്‌ലര്‍ ലീക്കായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം മനപൂര്‍വം ചെയ്തതാണോ എന്നാണ് പലരും ചോദിക്കുന്നത്. പ്രേക്ഷകരിലേക്ക് സീരീസിനെ ലൈവായി നിര്‍ത്താനുള്ള മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായിട്ടാകാം ഈ നീക്കമെന്നാണ് പലരും വിലയിരുത്തുന്നത്. ട്രെയ്‌ലര്‍ പോലെ സീരീസും ഇത്തരത്തില്‍ ലീക്കാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ആരാധകരെ കൂടുതല്‍ ആകാംക്ഷയിലാക്കിക്കൊണ്ടുള്ള ട്രെയ്‌ലറാണ് പുറത്തുവന്നത്. വരാന്‍ പോകുന്നത് ചെറിയ പോരാട്ടമല്ലെന്നും ഓരോ എപ്പിസോഡും നെഞ്ചിടിപ്പ് കൂട്ടുമെന്നും ട്രെയ്‌ലര്‍ അടിവരയിടുന്നു. പ്രധാന വില്ലനായ വെക്‌ന ഇത്തവണ ഇലവനും കൂട്ടര്‍ക്കും വലിയ വെല്ലുവിളിയിയുര്‍ത്തുമെന്നും ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കും.

ലോകത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൂര്‍വാധികം ശക്തി നേടി വരുന്ന വെക്‌നയെ തളയ്ക്കാന്‍ ഇലവനും കൂട്ടരും ശ്രമിക്കുന്നതാണ് അഞ്ചാം സീസണിന്റെ കഥ. ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊരാള്‍ ഈ സീസണില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വില്‍ ബെയേഴ്‌സോ ലൂക്കാസോ ഈ സീസണില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്കുന്ന സൂചന.

ഇലവനെ സഹായിക്കാന്‍ ഇത്തവണ ജിം ഹോപ്പറും ഉണ്ടെന്നത് ആവേശം സമ്മാനിക്കുന്നുണ്ട്. ഹോക്കിന്‍സ് നഗരത്തെയും അതിലൂടെ ഈ ലോകത്തെയും നശിപ്പിക്കാനെത്തുന്ന വെക്‌നയെ എങ്ങനെ തടയുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രൊമോഷനുകള്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിനായി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്നുണ്ട്.

മൂന്ന് ഭാഗങ്ങളിലായാണ് അഞ്ചാം സീസണ്‍ പുറത്തിറങ്ങുന്നത്. നവംബര്‍ 26ന് ആദ്യ ഭാഗവും ഡിസംബര്‍ 26ന് രണ്ടാം ഭാഗവും പുറത്തിറങ്ങും. അവസാന എപ്പിസോഡ് ഡിസംബര്‍ 31നാണ് പുറത്തിറങ്ങുക. ഓരോ എപ്പിസോഡും രണ്ട് മണിക്കൂറിന് മുകളിലുണ്ട്. അവസാന എപ്പിസോഡിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറാണ്. യു.എസില്‍ തെരഞ്ഞെടുത്ത തിയേറ്ററുകളില്‍ അവസാന എപ്പിസോഡ് പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Stranger Things season 5 trailer leaked before the release

We use cookies to give you the best possible experience. Learn more