| Saturday, 19th July 2025, 7:42 am

ഓരോ എപ്പിസോഡും രണ്ട് മണിക്കൂറിന് മേലെ, ഇത് സിരീസോ അതോ സിനിമയോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധകരുടെ ഇഷ്ട സിരീസായ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അവസാന സീസണ്‍ ഈ വര്‍ഷം പുറത്തിറങ്ങുകയാണ്. 2016ല്‍ തുടങ്ങിയ സിരീസ് വളരെ വേഗത്തില്‍ ജനപ്രീതി നേടി. നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സിരീസും സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് തന്നെയാണ്.

2022ലാണ് നാലാമത്തെ സീസണ്‍ പുറത്തിറങ്ങിയത്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ആ സീസണ്‍ അവസാനിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം അവസാന സീസണുമായി ഡഫര്‍ ബ്രദേഴ്‌സ് എത്തുമ്പോള്‍ ആരാധകര്‍ അത്യധികം ആവേശത്തിലാണ്. എട്ട് എപ്പിസോഡുകളുള്ള സീസണ്‍ മൂന്ന് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക.

നവംബര്‍ 24ന് ആദ്യത്തെ നാല് എപ്പിസോഡുകളും ക്രിസ്മസ് ദിനത്തില്‍ ബാക്കിയുള്ള മൂന്ന് എപ്പിസോഡുകളും നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിടും. ന്യൂ ഇയര്‍ ഈവിനാണ് അവസാന എപ്പിസോഡ് സ്ട്രീം ചെയ്യുക. 2026 ആരംഭിക്കുന്നത് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അവസാനത്തോടെയായിരിക്കും. ഇപ്പോഴിതാ ഓരോ എപ്പിസോഡിന്റെയും ദൈര്‍ഘ്യം എത്രയുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ദി ക്രോള്‍ എന്ന് പേരിട്ടിരിക്കുന്ന ആദ്യ എപ്പിസോഡ് രണ്ട് മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ദി വാനിഷിങ് ഓഫ് ഹോളി വീലര്‍ എന്ന രണ്ടാത്തെ എപ്പിസോഡിന് രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് ദൈര്‍ഘ്യം. ഒരു മണിക്കൂര്‍ 55 മിനിറ്റുള്ള മൂന്നാമത്തെ എപ്പിസോഡായ ദി ടര്‍ബോ ട്രാപ്പാണ് ഏറ്റവും കുറവ് ദൈര്‍ഘ്യമുള്ള എപ്പിസോഡ്.

നാലാമത്തെ എപ്പിസോഡ് ദി സോഴ്‌സറര്‍ (രണ്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ്), അഞ്ചാമത്തെ എപ്പിസോഡ് ഷോക്ക് ജോക്ക് (രണ്ട് മണിക്കൂര്‍ 15 മിനിറ്റ്), ആറാമത്തെ എപ്പിസോഡ് എസ്‌കേപ്പ് ഫ്രം കമാസോറ്റ്‌സ് (രണ്ടര മണിക്കൂര്‍), ഏഴാമത്തെ എപ്പിസോഡ് ദി ബ്രിഡ്ജ് (രണ്ട് മണിക്കൂര്‍ 40 മിനിറ്റ്) എന്നിങ്ങനെയാണ് ദൈര്‍ഘ്യം. ദി റൈറ്റ്‌സൈഡ് അപ്പ് എന്ന് പേരിട്ടിരിക്കുന്ന അവസാന എപ്പിസോഡ് മൂന്ന് മണിക്കൂറിന് മുകളിലുണ്ട്.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. മുന്‍ സീസണില്‍ രൂപം കൊണ്ട പ്രശ്നങ്ങളെല്ലാം ഈ സീസണില്‍ പരിഹരിക്കുമെന്നും എല്ലാത്തിനും അവസാനമാകുമെന്നുള്ള സൂചന ടീസറിലുണ്ട്. ഇലവനും വെക്‌ന/ വണ്ണും തമ്മിലുള്ള പോരാട്ടം ഇത്തവണ തീപാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Content Highlight: Stranger Things last season each episodes more than two hours

We use cookies to give you the best possible experience. Learn more