| Wednesday, 3rd December 2025, 1:10 pm

വ്യത്യസ്തമായ ടേസ്റ്റ് അല്ലേ രതീഷേ... സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിനെയും വിടാതെ ഫിറോസ് ചുട്ടിപ്പാറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാചക വീഡിയോകളിലൂടെ ശ്രദ്ധ നേടിയ യൂട്യൂബ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ഫിറോസിന്റെ വീഡിയോകള്‍ക്ക് വന്‍ റീച്ചായിരുന്നു ലഭിച്ചത്. ചിക്കന്‍, മട്ടന്‍, ബീഫ് തുടങ്ങി ഒട്ടകത്തിനെ വരെ തന്റെ സ്‌പെഷ്യല്‍ മസാല പുരട്ടി പാചകം ചെയ്യുന്ന ഫിറോസ് ചുട്ടിപ്പാറയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയയിലെ താരം.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സില്‍ എല്ലാ കഥാപാത്രങ്ങളെയും ഭയപ്പെടുത്തുന്ന ഡെമോഗോര്‍ഗണ്‍ എന്ന സാങ്കല്പിക ജീവിയെ ഫിറോസ് ചുട്ടിപ്പാറ പാചകം ചെയ്യുന്ന എ.ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഡെമോഗോര്‍ഗണെ വെട്ടി, മസാല തേച്ചുപിടിപ്പിച്ച്, ചുട്ടെടുക്കുന്ന എ.ഐ വീഡിയോ നിരവധിയാളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു

ഇന്‍സ്റ്റഗ്രാമിലെ ഹരി ഗ്രാഫര്‍ എന്ന പേജാണ് ഈ വീഡിയോക്ക് പിന്നില്‍. ‘ഫിറോസിക്കാ Things’ എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ പങ്കുവെച്ചത്. ‘ഡെമോഗോര്‍ഗനെ വരെ ഗ്രില്‍ ചെയ്യുന്ന കേരള ഷെഫ്, നെറ്റ്ഫ്‌ളിക്‌സ് ഇത് കണ്ട് വിറക്കും’ എന്നാണ് വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

വീഡിയോയെക്കാള്‍ രസകരമായ കമന്റുകളും വൈറലായിക്കഴിഞ്ഞു. ‘ഡെമോഗോര്‍ഗനൊക്കെ അങ്ങ് ഹോക്കിന്‍സില്‍, ഫിറോസിന്റെ ഭാഷയില്‍ ‘ദാമോദരന്‍ ഫ്രൈ’, ‘ലെ ഡെമോഗോര്‍ഗണ്‍: എന്റെ വെക്‌ന ഇത് അറിഞ്ഞാലുണ്ടല്ലോ, താന്‍ തീര്‍ന്ന്, ലെ ഫിറോസ്: അടുത്തത് വെക്‌ന ഫ്രൈ’, ‘വളരെ വ്യത്യസ്തമായ ഒരു എ.ഐ വീഡിയോ’ എന്നിങ്ങനെയാണ് കമന്റുകള്‍.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ വില്ലന്‍ കഥാപാത്രമായ വെക്‌ന അന്തം വിട്ട് നോക്കുന്ന ജിഫ് ഇമേജുകളും കമന്റ് ബോക്‌സില്‍ കാണാന്‍ സാധിക്കുന്നുണ്ട്. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സുമായി ബന്ധപ്പെട്ട് പുറത്തുവന്ന എ.ഐ വീഡിയോകളില്‍ ഏറ്റവും ഗംഭീരം ഇതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന പേജിന്റെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കാനും ആരും മറന്നിട്ടില്ല.

കഴിഞ്ഞദിവസം സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് മലയാളം വേര്‍ഷന്‍ എ.ഐ വീഡിയോയും വൈറലായിരുന്നു. ഇലവനായി മമിത ബൈജുവും മൈക്കിന്റെ വേഷത്തില്‍ നസ്‌ലെനും വില്ലായി മാത്യു തോമസിനെയും അവതരിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എ.ഐ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം വ്യത്യസ്ത വീഡിയോകള്‍ ഇനിയും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Stranger Things Firoz Chuttippara AI video viral in social media

We use cookies to give you the best possible experience. Learn more