| Wednesday, 16th July 2025, 9:42 pm

One Last Time... അവസാന വരവ് കിടുക്കും, ഫൈനല്‍ സീസണ്‍ ടീസര്‍ പുറത്തിറക്കി സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെങ്ങും ആരാധകരുള്ള സീരീസാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്. നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തിയ സീരിസിന്റെ ഓരോ സീസണും റെക്കോഡ് കാഴ്ചക്കാരെയായിരുന്നു സ്വന്തമാക്കിയത്. ഓരോ സീസണും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് അവസാനിക്കാറുണ്ടായിരുന്നത്. 2022ലായിരുന്നു സീരീസിന്റെ നാലാം സീസണ്‍ പുറത്തിറങ്ങിയത്.

ക്ലിഫ് ഹാങ്ങിങ്ങായി അവസാനിച്ച സീരീസിന്റെ അടുത്ത സീസണ് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ അഞ്ചാം സീസണിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മുന്‍ സീസണില്‍ രൂപം കൊണ്ട പ്രശ്‌നങ്ങളെല്ലാം ഈ സീസണില്‍ പരിഹരിക്കുമെന്നും എല്ലാത്തിനും അവസാനമാകുമെന്നുള്ള സൂചന ടീസറിലുണ്ട്.

ഇലവനും വെക്‌ന/ വണ്ണും തമ്മിലുള്ള പോരാട്ടം തന്നെയാണ് ഈ സീസണിന്റെ ഹൈലൈറ്റ്. ലോകം കീഴടക്കാന്‍ വെക്‌ന നടത്തുന്ന ശ്രമങ്ങള്‍ ഇലവനും കൂട്ടരും തടയുന്ന ഭാഗം അഡ്രിനാലിന്‍ റഷ് സമ്മാനിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അപ്‌സൈഡ് ഡൗണില്‍ നിന്ന് പുതിയ ഭീകരജീവികള്‍ ആക്രമിക്കാന്‍ വരുന്നതും ടീസറില്‍ കാണാന്‍ സാധിക്കും.

ടെന്‍ഷന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സീരീസിന്റെ അഞ്ചാം സീസണ്‍ മൂന്ന് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. നാല് എപ്പിസോഡുകളുള്ള ആദ്യഭാഗം നവംബര്‍ 26ന് പ്രേക്ഷകരിലേക്കെത്തും. പിന്നീടുള്ള മൂന്ന് എപ്പിസോഡുകള്‍ ക്രിസ്മസ് ദിനത്തിലാണ് പുറത്തിറങ്ങുന്നത്. ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് ന്യൂ ഇയര്‍ ഈവിന് സ്ട്രീം ചെയ്യും.

2016 മുതല്‍ ആരംഭിച്ച യാത്രയാണ് അവസാനിക്കുന്നത്. മില്ലി ബോബി ബ്രൗണ്‍, വിനോന റൈഡര്‍, ഡേവിഡ് ഹാര്‍ബര്‍, ഫിന്‍ വോള്‍ഫ്ഹാര്‍ഡ് എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേക ഫാന്‍ ബെയ്‌സുള്ള സിരീസാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്. നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കാന്‍ സിരീസിന് സാധിച്ചു.

അവസാന സീസണിലെ ഓരോ എപ്പിസോഡും രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ സീസണിലെ ആദ്യത്തെ ഏഴ് എപ്പിസോഡ് ഓരോ മണിക്കൂര്‍ വീതവും അവസാന എപ്പിസോഡ് രണ്ടേകാല്‍ മണിക്കൂറുമായിരുന്നു ഉണ്ടായിരുന്നത്. അവസാന സീസണില്‍ ഡഫര്‍ ബ്രദേഴ്‌സ് എന്ത് സര്‍പ്രൈസാണ് ഒരുക്കിവെച്ചതെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Stranger Things final season teaser out now

We use cookies to give you the best possible experience. Learn more