തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടീച്ചതായി പരാതി. വര്‍ക്ക് എക്‌സ്പീരിയന്‍സ് അധ്യാപികയായ ദാരിഫയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്‌കൂളില്‍വെച്ച് ഇത്തരമൊരു സംഭവമുണ്ടായത്. വൈകുന്നേരം സ്‌കൂള്‍ വിട്ട് കുട്ടികള്‍ പിരിഞ്ഞ് പോകാനിരിക്കെ ദേശീയ ഗാനം പാടുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി എന്ന് ചൂണ്ടിക്കാട്ടി ആരോപണവിധേയയായ അധ്യാപിക വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട് ഏത്തമിടീക്കുകയായിരുന്നു.
അന്നേ ദിവസം കുട്ടികള്‍ വീട്ടില്‍ എത്താന്‍ വൈകിയതോടെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരാതിപ്പെടുകയായിരുന്നു.
എന്നാല്‍ രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ഈ വിഷയം ഗൗരവമായി പരിഗണിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടക്കത്തില്‍ അധ്യാപികയോട് അധികൃതര്‍ വിശദീകരണം ചോദിച്ചിരുന്നില്ല.
സംഭവത്തില്‍ ആരോപണവിധേയയായ അധ്യാപിക മാപ്പ് പറഞ്ഞതായി സ്‌കൂളിലെ പ്രധാന അധ്യാപികയായ ഗീത ന്യൂസ് മലയാളത്തോട് പറഞ്ഞു. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ മീറ്റിങ് വിളിച്ച് ചേര്‍ത്ത് ടീച്ചര്‍ മാപ്പ് പറയുകയും ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതായും പ്രധാന അധ്യാപിക പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് പ്രധാന അധ്യാപിക ഡി.ഇ.ഒയ്ക്ക് കൈമാറിയിട്ടുണ്ട്. അതില്‍ ഡി.ഇ.ഒ ഇതുവരെ നടപടി എടുത്തിട്ടില്ല.
Content Highlight: Strange punishment by teacher at Cotton Hill Girls Higher Secondary School; Complaint that teacher locked children in the classroom and made them squat