| Wednesday, 18th March 2026, 12:21 pm

അമേരിക്കയ്ക്കും സഖ്യ കക്ഷികൾക്കും ഒഴികെ മറ്റെല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കും: അരാഗ്ച്ചി

മുഹമ്മദ് നബീല്‍

ടെഹ്‌റാൻ: അമേരിക്കയ്ക്കും സഖ്യ കക്ഷികൾക്കും ഒഴികെ മറ്റെല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി

അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തെ ചെറുക്കുന്നതിന് വേണ്ടി ഇറാൻ സ്വയം രക്ഷാ മാർഗങ്ങൾ പരീക്ഷിക്കുകയാണെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

ടെഹ്റാനിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളെ സംബന്ധിച്ച് ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു, പക്ഷെ ഞങ്ങളുടെ ശത്രുക്കൾക്കും അവരുടെ സഖ്യ കക്ഷികൾക്കും കടലിടുക്ക് അടഞ്ഞുതന്നെയിരിക്കും,’ ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ആത്മാഭിമാനത്തോടുകൂടി ഇറാൻ പ്രതിരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തലിനായി ഇറാൻ ശ്രമിച്ചു എന്ന വാദങ്ങൾ അരാഗ്ച്ചി തള്ളി. അത്തരമൊരു അഭ്യർത്ഥന ഇറാൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾ ഒരു സന്ദേശവും അയച്ചിട്ടില്ല, വെടിനിർത്തലിനായി അപേക്ഷിച്ചിട്ടുമില്ല പക്ഷെ എതിരാളികൾ ഇനി മറ്റൊരു ആക്രമണം നടത്തുന്നതിന് മുമ്പ് ആയിരം തവണ ആലോചിക്കുന്ന തരത്തിലായിരിക്കും ഈ യുദ്ധം അവസാനിക്കുക,’ അരാഗ്ച്ചി പറഞ്ഞു.

സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ പിന്നീട് അവർ ആ നിലപാടിൽ മാറ്റം വരുത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇറാൻ അമേരിക്ക സംഘർഷം മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് അരാഗ്ച്ചിയുടെ ഈ പ്രതികരണം. ലോക എണ്ണ വ്യാപാരത്തിന്റെ വലിയ പങ്കും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് യുദ്ധത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്കുള്ള പാചക വാതകവുമായി വന്ന കപ്പലിന് ഇറാൻ കടലിടുക്ക് തുറന്ന് കൊടുത്തിരുന്നു. ഇറാന് നിരുപാധികം പിന്തുണ നൽകുന്ന ഇന്ത്യൻ ജനതയെ ഓർത്താണ് കപ്പലിന് കടലിടുക്ക് തുറന്നുകൊടുത്തതെന്ന് ഇറാന്റെ ഇന്ത്യൻ പ്രതിനിധി അബ്ദുൽ മജീദ് ഹകീം ഇലാഹി പറഞ്ഞിരുന്നു.

Content Highlight: Strait of Hormuz will be opened to everyone except the US and its allies: Araghchi

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more