| Thursday, 6th August 2026, 5:21 pm

ഹോര്‍മുസ് കടലിടുക്ക്; ഒമാനുമായുള്ള കരാര്‍ അന്തിമ ഘട്ടത്തിലെന്ന് ഇറാന്‍

അഞ്ജു ചന്ദ്രന്‍

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍ അറിയിച്ചെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ പാത പ്രധാനമായും ഇറാനിയന്‍ പ്രദേശിക ജലാശയത്തിനുള്ളിലായിരിക്കും, ചില ഭാഗങ്ങള്‍ ഒമാനിലെ ജലാശയങ്ങളിലേക്കും വ്യാപിക്കും.

കരാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കരാറിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേല്‍ ബഖായ് പറഞ്ഞു.

‘ഒമാനുമായുള്ള കരാര്‍ കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പുനല്‍കാന്‍ ആവില്ല, ഇറാന്റെ തുറമുഖങ്ങള്‍ക്കുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും,’ ബഖായ് മുന്നറിയിപ്പു നല്‍കി.

ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രഈലും ഇറാനെ ആക്രമിച്ചതിനുശേഷം ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ലോകത്തിലെ എണ്ണ വ്യാപാരം കുത്തനെ കുറയുകയും ചെയ്തിരുന്നു.

കടലിടുക്ക് വളരെ വേഗം തുറന്നില്ലെങ്കില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച്ച മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പുനരാരംഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 14 ന് ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തി. അതിനുശേഷം ഈ ഉപരോധം വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാന തടസ്സങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.

Content Highlights: Strait of Hormuz: Iran says agreement with Oman is in the final stage

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more