| Friday, 27th March 2026, 4:40 pm

ഹോര്‍മുസ് കടലിടുക്ക് അടച്ചു; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതം നിരോധിച്ചു: ഐ.ആര്‍.ജി.സി

അനിത സി

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യു.എസിന്റെയും സഖ്യകക്ഷികളുടെയും തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ ഗതാഗതം നിരോധിച്ചെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചു.

‘ശത്രുക്കളായ അമേരിക്കന്‍-ഇസ്രഈല്‍ പിന്തുണക്കാരുടെയും സഖ്യകക്ഷികളുടെയും തുറമുഖങ്ങളിലേക്കോ അവിടെ നിന്നും ഏതെങ്കിലും ഇടനാഴിയിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും ലക്ഷ്യ സ്ഥാനത്തേക്കോ ഉള്ള കപ്പല്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു’, ഐ.ആര്‍.ജി.സി അറിയിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ജലപാതയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കിയതായി പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ മൂന്ന് കണ്ടെയ്‌നര്‍ കപ്പലുകളെ ഐ.ആര്‍.ജി.സി നാവികസേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് (വെള്ളിയാഴ്ച) കടലിടുക്കില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള വെടിനിര്‍ത്തല്‍ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. നേരത്തെ, അഞ്ച് ദിവസത്തേക്ക് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

ഏപ്രില്‍ ആറ് വരെ ഇറാന്റെ ഊര്‍ജ പ്ലാന്റുകള്‍ക്ക് നേരെയുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നുവെന്നാണ് ട്രംപിന്റെ പ്രസ്താവന.

ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ നടപടിയെടുത്തതെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ മികച്ചരീതിയില്‍ തുടരുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ യാചിക്കുകയാണ്. അവര്‍ സൈനികമായി തകര്‍ക്കപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Content Highlight: Strait of Hormuz closed; Ship traffic to US and allied ports banned: IRGC

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more